തടവുകാരനും നക്‌സല്‍ നേതാവുമായിരുന്ന എംകെ  നാരായണന്റെ അന്ത്യം ലോട്ടറി വില്‍ക്കുന്നതിനിടയില്‍ വണ്ടിയിടിച്ച്.

തൃശൂര്‍: തൃശൂരിലെ പ്രമുഖ നക്‌സല്‍ നേതാവും അടിയന്തിരാവസ്ഥ തടവുകാരനുമായ എംകെ നാരായണന്‍ (74) വാഹനാപകടത്തില്‍ മരിച്ചു. ഉപജീവനത്തിനായി ലോട്ടറി വില്‍ക്കുമ്പോഴായിരുന്നു പഴയ നക്‌സല്‍ നേതാവ് അപകടത്തില്‍പ്പെടുന്നത്. 

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ലോട്ടറി വില്‍ക്കുന്നതിനിടെ ടെമ്പോവാന്‍ വന്ന് ദേഹത്തിടിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്കെത്തിയ ഡ്രൈവര്‍ വാഹനം ന്യൂട്രലിലാണ് നിര്‍ത്തിയിരുന്നത്. ഡ്രൈവര്‍ പുറത്തിറങ്ങിയതോടെ വാഹനം സ്വയം നിരങ്ങി നീങ്ങി, ക്ഷേത്രക്കുളത്തിന്റെ മതിലില്‍ ചാരി നില്‍ക്കുകയായിരുന്ന നാരായണന്റെ ദേഹത്ത് അമര്‍ന്നു. ക്ഷേത്രത്തിലുള്ളവരും സമീപവാസികളും ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

75 -ലെ അടിയന്തരാവസ്ഥക്കാലത്ത് മതിലകം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ കമാന്‍ഡറായാണ് അറിയപ്പെട്ടത്. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം മണത്തല വീട്ടിലായിരുന്നു താമസം. അടിയന്തരാവസ്ഥയില്‍ കേരളത്തില്‍ നക്‌സലൈറ്റുകള്‍ നടത്തിയ ആദ്യത്തെ പാളിപ്പോയ പൊലീസ് സ്റ്റേഷന്‍ ആക്രമണമായിരുന്നു ഇത്. അടിയന്തിരാവസ്ഥയുടെ വേളയില്‍ നാരായണന്‍ ജയിലിലായിരുന്നു. 

Read more:  മന്ത്രി വിളിച്ചു, അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചു, വലിയൊരു ആഗ്രഹം വെളിപ്പെടുത്തി ആതിരയും!

പിന്നീട് കെ. വേണു സിപിഐഎംഎല്‍ സെക്രട്ടറിയായതിനുശേഷം പാര്‍ട്ടി പിരിച്ചുവിടുന്നത് വരെ നാരായണന്‍ സജീവമായിരുന്നു. രാഷ്ട്രീയമേഖലയിലും ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സ്ഥിരംസാന്നിധ്യമായി. നാരായണന്റെ ശ്രീനാരായണപുരത്തെ വീട് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായിരുന്നു. അവസാനക്കാലത്ത് ലോട്ടറി വിറ്റായിരുന്നു ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player