Asianet News MalayalamAsianet News Malayalam

എംഎൽഎയുടെ വാട്സാപ് റേഡിയോ തുണയായി; ഗുരുതരാവസ്ഥയില്‍ കഴിയുന്ന അതിഥി തൊഴിലാളിക്ക് സഹായമെത്തി

ഭാര്യ ഹെന, മൂന്നു വയസ്സ് പ്രായമായ മകൻ അഫ്രിൻ എന്നിവർ ബംഗാളിലാണ്. ആശുപത്രിയിൽ പരിചരണത്തിനായി സഹോദരനും, ഭാര്യയുടെ സഹോദരനും ആണ് ഉണ്ടായിരുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇവർ ആശുപത്രിയിൽ പരിചരണത്തിനായി നിൽക്കുന്നത് കൊണ്ട് ഇവരുടെ വരുമാനവും നിലച്ചു. 

mlas whatsapp radio helped guest worker who was in critical condition was helped
Author
First Published Jan 9, 2023, 6:59 PM IST

അമ്പലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മരം തലയിൽ വീണ് ഗുരുതരാവസ്ഥയിൽ കഴിയുന്ന അതിഥി തൊഴിലാളിയായ ഷേക്ക് സൊഹയിലിനെ നാട്ടിലെത്തിക്കുവാൻ യു പ്രതിഭ എംഎൽഎയുടെ വാട്സാപ് റേഡിയോ തുണയായി. പശ്ചിമബംഗാളിലെ മാൽഡാ സ്വദേശിയായ 25 വയസ്സുള്ള സൊഹയിലിനാണ് വാട്സാപ് റേഡിയോ സഹായമായത്. 

സൊഹയിൽ കായംകുളത്തും പരിസരപ്രദേശങ്ങളിലും മരം മുറിക്കുന്ന ജോലി ചെയ്തു വരികയായിരുന്നു.   നവംബർ 16ന് കായംകുളം ചക്കാല ജംഗ്ഷന് സമീപമുള്ള വീട്ടിൽ മരം മുറിയ്ക്കവേ, മുറിച്ച മരം സമീപത്തുണ്ടായിരുന്ന മറ്റൊരു മരത്തിൽ പതിക്കുകയും ആ മരം ഒടിഞ്ഞ് സൊഹയിലിന്റെ തലയിൽ പതിക്കുകയും ആയിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തലയോട് ഇളക്കി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ഒന്നര മാസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ന്യൂറോ സർജിക്കൽ വാർഡിൽ പ്രവേശിപ്പിച്ചു. ഇതുവരെയും ഇദ്ദേഹത്തിന് ബോധം തിരികെ ലഭിച്ചിട്ടില്ല. 

ഭാര്യ ഹെന, മൂന്നു വയസ്സ് പ്രായമായ മകൻ അഫ്രിൻ എന്നിവർ ബംഗാളിലാണ്. ആശുപത്രിയിൽ പരിചരണത്തിനായി സഹോദരനും, ഭാര്യയുടെ സഹോദരനും ആണ് ഉണ്ടായിരുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളികളായ ഇവർ ആശുപത്രിയിൽ പരിചരണത്തിനായി നിൽക്കുന്നത് കൊണ്ട് ഇവരുടെ വരുമാനവും നിലച്ചു. രണ്ടുമാസമായി അബോധാവസ്ഥയിൽ കഴിയുന്ന രോഗിയെ നാട്ടിലെത്തിച്ച് കാര്യമായ പരിചരണങ്ങൾ നൽകിയാൽ ഒരു പക്ഷേ അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും എന്ന പ്രത്യാശ ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. ഐസിയു സംവിധാനമുള്ള ആംബുലൻസിലോ എയർ ആംബുലൻസിലോ മാത്രമേ ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളു. റോഡ് മാർഗ്ഗമാണങ്കിൽ ഒരു വശത്തേക്ക് 2800 കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടതായിട്ടുണ്ട്. ഇതിന് ഭാരിച്ച ഒരു തുകയാണ് വേണ്ടിവരുന്നത്. രണ്ട് മാസമായി ജോലിയില്ലാതെ ആഹാരത്തിന് പോലും നിവൃത്തിയില്ലാത്ത ബന്ധുക്കൾ തികച്ചും നിസ്സഹായരായിരുന്നു. 

ഈ സാഹചര്യത്തിലാണ് യു പ്രതിഭ എം എൽ എ യുടെ പരാതി പരിഹാര സേവനങ്ങൾക്കായുള്ള വാട്സാപ് റേഡിയോയെ കുറിച്ച് ഇവർക്ക് വിവരം ലഭിക്കുന്നതും മറ്റൊരു ആപ്ലിക്കേഷന്റെ സഹായത്തോടെ ഹിന്ദിയിലുള്ള അപേക്ഷ മലയാളം ലിപിയിലാക്കി  റേഡിയോയിലേക്ക് അയ്ക്കുന്നതും. വിഷയം ശ്രദ്ധയിൽപ്പെട്ട യു പ്രതിഭ എംഎൽഎ സൊഹയലിന്റെ ബന്ധുക്കളോട് സംസാരിക്കുകയും അദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നും ഉറപ്പു നൽകുകയും ചെയ്തു. ഇതിനായി നിരവധി ശ്രമങ്ങൾ എംഎൽഎ നടത്തിയെങ്കിലും ഇത്രയും വലിയ ഒരു തുക ഇതിനായി സമാഹരിക്കുക എന്നുള്ളത് ക്ലേശകരമായിരുന്നു. അങ്ങനെ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പത്തിയൂർ സ്വദേശി സജി ചെറിയാൻ എന്ന വ്യക്തിയോട് എംഎൽഎ സഹായം അഭ്യർത്ഥിക്കുകയും അദ്ദേഹം ഈ രോഗിയെ ബംഗാളിൽ എത്തിക്കുന്നതിന് ആവശ്യമായ ആംബുലൻസ് സൗകര്യങ്ങൾ സജ്ജമാക്കി ബന്ധുക്കൾക്കൊപ്പം അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചു. അടുത്ത കാലത്ത് തീരെ നിർധനരായ 5 കുടുംബങ്ങൾക്ക് സജി ചെറിയാൻ നേതൃത്വം നൽകുന്ന ചെറിയാൻ ഫൗണ്ടേഷൻ വീടുകൾ നിർമ്മിച്ച് നൽകി. വിദേശത്തും നാട്ടിലും നിരവധി നിരാലംബരെയാണ് ചെറിയാൻ ഫൗണ്ടേഷൻ സഹായിച്ചു കൊണ്ടിരിക്കുന്നത്. 

Read Also: ആലപ്പുഴയിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു, ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങി; അച്ഛൻ മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ
  

Follow Us:
Download App:
  • android
  • ios