പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭത്തിന് തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. 

കോഴിക്കോട്: സ്വകാര്യ വ്യക്തി ഫ്ലാറ്റ് നിര്‍മാണത്തിനായി കുന്ന് നിരത്തിയതിനെ തുടര്‍ന്ന് അവശേഷിച്ച മണ്ണും പാറക്കല്ലും കനത്ത മഴയില്‍ എത്തിയത് വീടുകള്‍ക്കുള്ളില്‍. മുക്കം മുത്താലം മേടംപറ്റക്കുന്നിലാണ് നിരവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുന്നത്. ഇവിടെ മൂന്നര ഏക്കറോളം സ്ഥലമാണ് ഫ്ലാറ്റ് നിര്‍മാണത്തിനായി നിരപ്പാക്കിയത്. മുപ്പതടിയോളം ഉയരത്തില്‍ മണ്ണ് കൂട്ടിയിട്ടിരുന്നു. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ ഈ മണ്ണും പാറക്കല്ലുമെല്ലാം ഒലിച്ച് സമീപത്തെ വീട്ടുമുറ്റത്തേക്കും മുത്താലം-കുമ്മാളി റോഡിലേക്കും എത്തി.

മണ്ണിടിച്ച ഭാഗത്തിന് തൊട്ടുതാഴെ താമസിക്കുന്ന 76 വയസ്സുപിന്നിട്ട മേടംപറ്റ ലീലാമണിയുടെയും മകന്റെയും വീടിനുള്ളില്‍ വരെ ചളി ഒഴുകിയെത്തി. ഈ വീട് ഇപ്പോള്‍ താമസ യോഗ്യമല്ലാതായിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ക്ക് വീട്ടില്‍ കയറാന്‍ സാധിച്ചിട്ടില്ല. കിണറിലേക്കും ചളി ഇറങ്ങിയതിനാല്‍ കുടിവെള്ളവും കിട്ടാതായി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭത്തിന് തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.