കെഎസ്ഇബിയുടെ എൽടി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 

അമ്പലപ്പുഴ: കെഎസ്ഇബിയുടെ എൽടി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്ത് ആളെ അപായപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പഞ്ചായത്ത് പതിനാലാം വാർഡ് പാലത്ര വീട്ടിൽ ശശി (52) യെയാണ് അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 25 -നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ കരുമാടിയിൽ ഉഷാ ഭവനത്തിൽ അനിൽ കുമാറിന്റെ കരുമാടിയിലുള്ള വീട്ടിൽ രാത്രിയിലെത്തിയ പ്രതി വീട്ടിൽ വെച്ചിരുന്ന അനിൽകുമാറിന്റെ മോട്ടോർ സൈക്കിളിൽ ഒരു ഇരുമ്പ് കസേര വെച്ച ശേഷം അതിലും ബൈക്കിലും വയർ ചുറ്റി വയറിന്റെ ഒരഗ്രം അനിൽകുമാറിന്റെ വീടിന്റെ മുൻവശത്തുള്ള കെഎസ്ഇബിയുടെ വൈദ്യുത ലൈനിൽ നിന്നും അനധികൃതമായി വൈദ്യുതി കൊടുത്തു അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

കരുമാടി ജങ്ഷനിൽ ലോട്ടറി വില്പനക്കാരനായ അനിൽകുമാർ രാവിലെ ലോട്ടറി വിൽപ്പനക്കായി ബൈക്ക് എടുക്കുവാൻ നേരം വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. തുടർന്ന് നാട്ടുകാർ അമ്പലപ്പുഴ സ്റ്റേഷനിലും കെഎസ് ഇ ബിയിലും വിവരമറിയിച്ചു. കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചതിനാൽ ദുരന്തം ഒഴിവായി. തുടർന്ന് അമ്പലപ്പുഴ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അനിൽ കുമാറിനോട്, അന്വേഷിച്ചതിൽ തനിക്ക് ശത്രുക്കളൊന്നും ഇല്ലെന്ന് പറഞ്ഞു. 

അത്തരത്തിൽ യാതൊരു പ്രശ്നങ്ങളും, സംഭവങ്ങളും ഈ അടുത്ത കാലത്തു നടന്നിട്ടില്ലായെന്നു അയൽവാസികളും മൊഴി നൽകി. തുടർന്ന് അനിൽകുമാറിന്റെ വീടിന്റെ തൊട്ടടുത്തുള്ള പി എസ് സി കോച്ചിങ് സെന്ററിലെ സി സി ടി വിയിൽ നിന്ന് ഹെൽമെറ്റ് ധരിച്ച് മുണ്ടും ഷർട്ടുമണിഞ്ഞ ഒരാളുടെ അവ്യക്തമായ ദൃശ്യം ലഭിച്ചു. ഇതിനെ പിന്തുടർന്ന് 60 -ഓളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. ഒടുവിൽ ആറ് ദിവസത്തെ അന്വേഷണത്തിന്റെ ഫലമായി തൃക്കൊടിത്താനത്തു നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read more: ക്ലാസ് നടക്കവെ സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് കൂറ്റൻ ആൽമരം കടപുഴകിവീണു, കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രതിയുടെ ഭാര്യയും പരാതിക്കാരനായ അനിൽകുമാറും തമ്മിൽ അടുപ്പം ഉണ്ടോ എന്ന് സംശയിച്ചാണ് ഇത്ര വലിയ ക്രൂരകൃത്യം ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് വിശദമായ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി. എസ് ഐമാരായ ടോൾസൺ പി ജോസഫ്, ആനന്ദ് വി എൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവ്, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക്ക്, വിഷ്ണു, ജോസഫ് ജോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

YouTube video player