ഇരിങ്ങാലക്കുടയിൽ വിവാഹം കഴിഞ്ഞയുടൻ സാന്ദ്ര എന്ന നവവധു വോട്ട് ചെയ്യാനെത്തി. വെള്ളാങ്കല്ലൂരിൽ വെച്ച് വിവാഹിതയായ സാന്ദ്ര, വരൻ സൂരജിനും ബന്ധുക്കൾക്കുമൊപ്പം വേളൂക്കര പഞ്ചായത്തിലെ ഐക്കരകുന്ന് സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 

ഇരിങ്ങാലക്കുട: വിവാഹം കഴിഞ്ഞയുടന്‍ ഓടിയെത്തി വോട്ട് ചെയ്ത് നവവധു. പോളിംഗ് ബൂത്തിന് പുറത്ത് കാവലായി വരനും ബന്ധുക്കളും നിന്നപ്പോൾ ജനാധിപത്യത്തിന്‍റെ ഉത്സവത്തിൽ അത് ഒരു അപൂർവ്വ കാഴ്ചയായി. വേളൂക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വോട്ടറാണ് കോലുംത്തുപടി സ്വദേശി ഗോപാലന്‍ മിനി ദമ്പതികളുടെ മകള്‍ സാന്ദ്ര (26). ബുധനാഴ്ച്ച വെള്ളാങ്കല്ലൂരില്‍ വെച്ച് അരിമ്പൂര്‍ സ്വദേശിയായ സന്തോഷ് ബിന്ദു ദമ്പതികളുടെ മകന്‍ സൂരജ് (27) ആണ് സാന്ദ്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.

വിവാഹം കഴിഞ്ഞ് സദ്യ കഴിഞ്ഞതോടെ കല്യാണ വാഹനം നേരെ വിട്ടത് ഐക്കരകുന്ന് സ്‌കൂളിലേക്കാണ്. ഇവിടെയാണ് വേളൂക്കര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലേയ്ക്കുള്ള വോട്ടിംഗ് നടന്നിരുന്നത്. ഉച്ച കഴിഞ്ഞതിനാല്‍ തന്നെ വോട്ടിംങ്ങിനായി വലിയ തിരക്കൊന്നും ബൂത്തിലുണ്ടായിരുന്നില്ല. വധുവും ബന്ധുക്കളും വൈകാതെ തന്നെ വോട്ട് രേഖപെടുത്തി മടങ്ങുകയായിരുന്നു. വരന്‍ സൂരജിന് വൈകാതെ അരിമ്പൂര്‍ എത്തി സമയത്ത് വോട്ട് ചെയ്യാനുള്ളത് കൊണ്ട് എല്ലാവരും വേഗം അങ്ങോട്ടേയ്ക്ക് പറന്നു. സമ്മതിദാനാവകാശം അത് പാഴക്കരുത് എന്ന ലക്ഷ്യത്തോടെയാണ് വിവാഹ ദിനത്തിലും വോട്ട് രേഖപെടുത്താനെത്തിയതെന്ന് സാന്ദ്ര പറഞ്ഞു.

പറന്നെത്തി വോട്ട് ചെയ്ത് യൂസഫലി

വോട്ട് രേഖപ്പെടുത്താനായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ജന്മനാട്ടിലെത്തി. ബാങ്കോക്കിൽ നിന്ന് സ്വന്തം ഫ്ളൈറ്റിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. തുടര്‍ന്ന് നാട്ടികയിലേക്ക് ഹെലികോപ്റ്ററിൽ എത്തുകയായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ​ഗവൺമെന്‍റ് നാട്ടിക മാപ്പിള എൽ പി സ്കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ.

ലോകത്തിലെ ഏറ്റവും ശക്തമായ ഭരണഘടനയും ഇന്ത്യയുടേതാണെന്ന് എം എ യൂസഫലി പറഞ്ഞു. ഒരു വാര്‍ഡ് മെമ്പർ മുതല്‍ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അതുകൊണ്ട് നമ്മുടെ വോട്ടവകാശം കാര്യമായ രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ ഭരണഘടനയോടുള്ള പ്രതിബദ്ധതയും അവകാശങ്ങളും പ്രശ്നത്തിലാകും. അതുകൊണ്ടാണ് ബാങ്കോക്കിൽ നിന്ന് ബുദ്ധിമുട്ടിയാണേലും വോട്ട് ചെയ്യാൻ എത്തിയെന്ന് യൂസഫലി പറഞ്ഞു.