ഹരിപ്പാട് മുതുകുളം ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നു. മുൻപ് സാന്നിധ്യമില്ലാതിരുന്ന ഈ തീരപ്രദേശത്ത് കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തുകയും ചെയ്യുന്നു.
ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതോടെ പ്രദേശവാസികളും കർഷകരും കടുത്ത ആശങ്കയിൽ. തീരപ്രദേശമായ ഇവിടെ ഒരു വർഷം മുൻപ് വരെ ഇത്തരത്തിലുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കാട്ടുപന്നി ശല്യം വ്യാപകമാവുകയും വീടുകൾക്ക് സമീപം വരെ ഇവ എത്തുകയും ചെയ്യുന്നത് ജനങ്ങളിൽ ഭീതിയുണർത്തിയിരിക്കുകയാണ്. കുട്ടികളെ ഉൾപ്പെടെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് നാട്ടുകാർ. കാട്ടുപന്നി സാന്നിധ്യം വ്യാപകമായതോടെ കാർഷിക വിളകൾ നശിച്ച് കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം രാത്രി അഞ്ചാം വാർഡ് കൈപ്പള്ളിൽ കോരുതുകുഞ്ഞിന്‍റെ വീട്ടിലെ ഇടവിളക്കൃഷി കാട്ടുപന്നി നശിപ്പിച്ചു. മരച്ചീനിയും ചേമ്പും ഉൾപ്പെടെയുള്ള വിളകളാണ് കുത്തിയിളക്കിയത്. രണ്ടാഴ്ച മുൻപ് മുതുകുളം വടക്ക് മുരിങ്ങച്ചിറയ്ക്ക് പടിഞ്ഞാറു ഭാഗത്തുളള കൃഷിയും നശിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം മുതുകുളം തെക്ക് പതിയാരത്ത് ഭാഗത്തെ വീടുകളിലെയും ഇടവിളക്കൃഷിയും കൂവക്കിഴങ്ങ് കൃഷിയും പന്നികൾ നശിപ്പിച്ചു. ഇതിന് ഏതാനും ദിവസം മുൻപ് മുതുകുളം പത്താം വാർഡ് മൂലംകുഴി ഭാഗത്തും സമാനമായ സംഭവമുണ്ടായി. വാരണപ്പള്ളി, ഫ്ളവർ മുക്ക്, കൊട്ടാരം സ്കൂൾ ഭാഗങ്ങളിലും നിലവിൽ കാട്ടുപന്നിയുടെ സാന്നിധ്യമുണ്ട്.


