വിദേശത്തായിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യാർത്ഥമായിരുന്നു 23കാരൻ കര്‍ണാടകയിലേക്ക് പോയത്

കല്‍പറ്റ: കര്‍ണാടകയിലുണ്ടായ വാഹനപകടത്തില്‍ വയനാട് പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയില്‍ അസ്ലമിന്റെയും റഹ്‌മത്തിന്റെയും മകന്‍ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. കര്‍ണാടകയിലെ ബേഗുര്‍ പൊലീസ് സ്റ്റേഷന് സമീപം മുഹമ്മദ് റഫാത്ത് സഞ്ചരിച്ച ബൈക്ക് ലോറിക്ക് പിറകില്‍ ഇടിച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബൈക്ക് എതിരെ വരികയായിരുന്ന ടവേര കാറിലും ഇടിച്ചു.

വിദേശത്തായിരുന്ന യുവാവ് മൂന്ന് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ബിസിനസ് ആവശ്യാർത്ഥമായിരുന്നു 23കാരൻ കര്‍ണാടകയിലേക്ക് പോയത്. മൈസൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. മൃതദേഹം ബേഗുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടവിവരമറിഞ്ഞയുടനെ ബന്ധുക്കളും നാട്ടുകാരും സംഭവസ്ഥലത്തേക്ക് പോയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തിൽ ഒരു മാസം മുമ്പ് ഇസ്രയേലില്‍ കെയര്‍ ഗിവര്‍ ജോലിക്കായി പോയ യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി പഴുപ്പത്തൂര്‍ കൈവട്ടമൂല സ്വദേശിയും കോളിയാടിയില്‍ താമസക്കാരനുമായ പെലക്കുത്ത് ജിനേഷ് പി. സുകുമാരന്‍ (38) ആണ് മരിച്ചത്. ജിനേഷ് ജോലിചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തേറ്റു മരിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.