വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം
കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ കുട്ടി കാറിനടിയിൽ പെട്ടു പോവുകയായിരുന്നു

കാസര്‍കോട്: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട്ടെ ഉപ്പള സോങ്കാലിലാണ് സംഭവം. കൊടങ്ക റോഡിലെ നിസാര്‍ - തസ്‌രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരന്‍. അതിനിടെ കാര്‍ പിറകോട്ട് എടുക്കുന്നതിനിടെ കുട്ടി കാറിനടിയിൽ പെട്ടു പോവുകയായിരുന്നു. നിസാര്‍ - തസ്‌രീഫ ദമ്പതികളുടെ ബന്ധുവാണ് കാറോടിച്ചിരുന്നതെന്നാണ് ലഭിച്ച വിവരം. കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിഞ്ഞത്.
കുഞ്ഞിനെ ഉടനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇത്തരമൊരു ദാരുണ സംഭവം എങ്ങനെയുണ്ടായി എന്ന് വ്യക്തമല്ല. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാർ കാണാതെ റോഡിലിറങ്ങിയ പിഞ്ചുകുഞ്ഞിനെ കാറിലെ യാത്രക്കാര്‍ രക്ഷിച്ച സംഭവം അടുത്ത കാലത്താണുണ്ടായത്. കാർ നിർത്തി പുറത്തിറങ്ങിയ യുവാക്കൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.
പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയിലാണ് സംഭവം. കൊപ്പം - വളാഞ്ചേരി റോഡിലേക്കാണ് വീട്ടിൽ നിന്നും കുട്ടി ഇറങ്ങിയത്. പല വാഹനങ്ങളും കുട്ടിയുടെ തൊട്ടരികിലൂടെ കടന്നുപോയി. അതിവേഗത്തിലെത്തിയ കാറിലെ യാത്രക്കാരും കുട്ടിയെ കടന്നുപോയി. ഇവർ പിന്നീട് തിരികെ വന്നു. യാത്രക്കാരിൽ ഒരാൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കുകയായിരുന്നു. ഒക്ടോബർ 28 നാണ് ഈ സംഭവം നടന്നത്. ആ വാര്‍ത്ത കണ്ട് നമുക്ക് ആശ്വാസമായെങ്കില്‍, നൊമ്പരപ്പെടുത്തുന്ന സംഭവമാണ് കാസര്‍ഗോഡുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം