ഏറ്റവുമൊടുവിലായി എറണാകുളത്തെ സ്ഥിരം കുറ്റവാളിയായ ആഷിഖിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്
കൊച്ചി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളത്ത് പരക്കെ നടപടി. ഇതുവരെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇതിന് പുറമെ 51 പേരെ നാടുകടത്തുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. ഏറ്റവുമൊടുവിലായി എറണാകുളത്തെ സ്ഥിരം കുറ്റവാളിയായ ആഷിഖിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കാലടി കാഞ്ഞൂർ വടക്കുംഭാഗം സ്വദേശി ആഷിഖിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചുവെന്ന് പൊലീസ് അറിയിച്ചു.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഷിഖിനെതിരായ നടപടി. നെടുമ്പാശ്ശേരി, അങ്കമാലി, പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ആഷിഖ്.

അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത നിയമ വിദ്യാർത്ഥികൾ എം ഡി എം എ യുമായി പിടിയിലായി എന്നതാണ്. പാലക്കാട് പട്ടാമ്പി, എടപ്പറമ്പിൽ ഹൗസിൽ ശ്രീഹരി (22), മലപ്പുറം പുത്തനത്താണി കളപ്പാട്ടിൽ ഹൗസിൽ അജ്മൽ ഷാഹ് (22), പാലക്കാട് പട്ടാമ്പി കക്കാടത്തു ഹൗസിൽ സുഫിയാൻ (21) എന്നിവരാണ് കൊച്ചി പൊലീസിന്‍റെ പിടിയിലായത്. കലൂർ ശാസ്താ ടെമ്പിൾ റോഡിലുള്ള ലോഡ്ജിൽ നിന്നുമാണ് ഇവരെ പൊലീസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 14.90 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തി. ഇവർ മൂന്നുപേരും നിയമ വിദ്യാർത്ഥികളാണ് എന്ന് പൊലീസ് വിശദമാക്കി. ഇന്റേൺഷിപ്പിന്റെ ആവശ്യങ്ങൾക്കായി എറണാകുളത്ത് എത്തിയതാണ് ഇവര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിൽ സബ്ബ് ഇന്‍സ്പെക്ടർ ആഷിഖ്, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സുനില്‍, വിബിന്‍, പ്രവീൺ, വനിതാ സിവിൽ പൊലീസ് ഓഫിസർ ജയ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ഇന്‍റേണ്‍ഷിപ്പ് ആവശ്യത്തിനായി കൊച്ചിയിലെത്തിയ നിയമ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎയുമായി പിടിയിൽ
