മഞ്ജുളാലിനെ സാക്ഷിയാക്കി നഗരസഭക്കെതിരെ ആക്ഷേപഹാസ്യ ശരങ്ങളുമായി നടന്‍ ശിവജി ഗുരുവായൂര്‍.

ഗുരുവായൂർ : റോഡ് നന്നാക്കാന്‍ പറഞ്ഞ് സഹികെട്ട ഗുരുവായൂരില്‍ വേറിട്ട പ്രതിഷേധം. നടന്‍ ശിവജി ഗുരുവായൂരിന്‍റെ നേതൃത്വത്തില്‍ റോഡിലെ കുഴിയെണ്ണി ഓട്ടന്‍ തുള്ളല്‍ കളിച്ചാണ് പ്രതിഷേധിച്ചത്. കുഴിയില്‍ വീണ് കിടപ്പിലായ ഓട്ടോ ഡ്രൈവറെ ആംബുലന്‍സിലെത്തിച്ചാണ് പ്രതിഷേധത്തുള്ളല്‍ നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ഗുരുവായൂർ റോഡിലെ കുഴിയിൽ വീണ് കാലൊടിഞ്ഞ ഓട്ടോ ഡ്രൈവർ അബ്ദുൾ ഹമീദായിരുന്നു ഉദ്ഘാടകൻ. സ്ട്രച്ചറിൽ എത്തിയ പാവറട്ടി സ്വദേശിയായ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്തതോടെ സമരത്തുള്ളല്‍ തുടങ്ങി.

മഞ്ജുളാലിനെ സാക്ഷിയാക്കി നഗരസഭക്കെതിരെ ആക്ഷേപഹാസ്യ ശരങ്ങളുമായി നടന്‍ ശിവജി ഗുരുവായൂര്‍. ഗുരുവായൂരിലെത്താന്‍ റോഡന്വേഷിച്ച് ശ്രീകൃഷ്ണനും ഭഗവാനിലേക്കെത്താന്‍ വഴിയന്വേഷിച്ച് കുചേലനുമെന്ന് പറഞ്ഞുവെക്കുകയായിരുന്നു ഓട്ടൻതുള്ളൽ. നഗരസഭ റോഡുകളുടെ ശോച്യാവസ്ഥക്കെതിരെ സേവ് ഗുരുവായൂര്‍ മിഷന്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഓട്ടൻ തുള്ളല്‍ അവതരിപ്പിച്ചത്. മേല്‍പ്പാല നിര്‍മാണം മൂലം തടസപ്പെട്ട റോഡിന്റെ ബദല്‍ മാര്‍ഗങ്ങളും താത്ക്കാലിക ബസ് സ്റ്റാന്‍ഡില്‍ നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയും സഞ്ചാരയോഗ്യമാക്കുക, ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുക, മലിനജലം പൊട്ടിയൊഴുകുന്ന സാഹചര്യം ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

Read More : കോഴിക്കോട് റെയിൽപാളത്തിൽ 'അപ്രതീക്ഷിത കുഴി', അപകടം ഒഴിവായത് നാട്ടുകാർ കണ്ടതോടെ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു