കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യപ്രതിയായ പൂവച്ചൽ സ്വദേശി ഷൈജു മാലിക്കിനെ പാറശാല പൊലീസ് ബംഗളുരുവിൽ നിന്നും പിടികൂടി. ആറ് മാസത്തെ അന്വേഷണത്തിനൊടുവിൽ, ലഹരി വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് പൊലീസ് ഇയാളെ സാഹസികമായി കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യപ്രതിയെ പാറശാല പൊലിസ് ബംഗളുരുവിലെത്തി കസ്റ്റഡിയിലെടുത്തു. പൂവച്ചൽ കൊണ്ണിയൂർ സ്വദേശി ഷൈജു മാലിക് (36) നെ ആണ് പാറശാല പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂലൈയിൽ പൂവച്ചൽ, കുടപ്പനക്കുന്ന് സ്വദേശികളായ രണ്ടു പേരെ പാറശാല പൊലീസും ഡാൻസാഫ് സംഘവും 70 ഗ്രാം എംഡിഎംഎയുമായി പാറശാലയിൽ വച്ച് പിടികൂടിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിൽ നിന്ന് എംഡിഎംഎ വാങ്ങാൻ എത്തുന്നവർക്ക് എംഡിഎംഎ നൽകുന്നത് ഷൈജു മാലിക് ആണെന്ന വിവരം ലഭിച്ചത്.പിന്നാലെ പൊലീസ് ബെംഗളൂരുവിൽ എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. ആറ് മാസത്തെ തുടരന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം എംഡിഎംഎ വാങ്ങാനെന്ന വ്യാജേന പാറശാല എസ്ഐ ദിപു ഷൈജു മാലികിനെ സമീപിച്ചത്. പൊലീസ് ആണെന്ന് മനസ്സിലായതോടെ ഓടാന്‍ ശ്രമിച്ചെങ്കിലും മറ്റു പൊലിസുകാരുമായി ചേര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളുടെ മുറിയില്‍ നിന്നും വ്യാജ ആധാര്‍ കാര്‍ഡും കണ്ടെത്തി. ഈ കാര്‍ഡ് ഉപയോഗിച്ചു പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വരുകയായിരുന്നു പ്രതി.

ലഹരി കേസിൽ ഒന്നര വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം വീണ്ടും ബെംഗളൂരുവിൽ എംഡിഎംഎ കച്ചവടത്തിന് ഇറങ്ങിയതാണെന്ന് പൊലീസിനോട് പറഞ്ഞു.കേരളത്തിൽ നിന്ന് എംഡിഎംഎ വാങ്ങാൻ എത്തുന്നവർക്ക് മധുര, ദിണ്ടിക്കൽ, ഈറോഡ് എന്നിവിടങ്ങളിലും പ്രതി ലഹരി എത്തിച്ച് നൽകിയിരുന്നു. പാറശാല ഇൻസ്പെക്ടർ ജയശങ്കറിന്‍റെ നേതൃത്വത്തിൽ എസ്ഐ ദീപു , പൊലീസുകാരായ വിമൽരാജ്, റോയ്, സാജൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്.