അനില മകനെ അങ്കണവാടിയിലേക്ക് കൊണ്ട് പോകുന്നതിനിടെ റോഡില്‍ വെച്ച് ജിതേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. 


കല്‍പ്പറ്റ: അയല്‍വാസികളായ യുവാക്കള്‍ തുടങ്ങിയ ബിസിനസിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തിന് ഒടുവില്‍ യുവതിയ്ക്കും കുഞ്ഞിനും വെട്ടേറ്റ സംഭവത്തില്‍ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ നെടുമ്പാല പള്ളിക്കവലയിലാണ് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും വെട്ടേറ്റത്. 

പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്‍റെ ഭാര്യ അനില (28), മകന്‍ ആദിദേവ് (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ഇവരുടെ അയല്‍വാസിയും സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പില്‍ ജിതേഷിനെ (45) മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. അനില മകനെ അങ്കണവാടിയിലേക്ക് കൊണ്ട് പോകുന്നതിനിടെ റോഡില്‍ വെച്ച് ജിതേഷ് ഇവരെ ആക്രമിക്കുകയായിരുന്നു. 

അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടത് ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മേപ്പാടി എസ്.ഐ. വി.പി. സിറാജിന്‍റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റ് ചെയ്തത്. ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമായി സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജിതേഷിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. അനിലയെയും ആദിദേവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തി, തെളിവെടുപ്പിനിടെ പ്രതി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്തി നല്‍കി.