കോഴിക്കോട് താമരശ്ശേരിയിൽ ബസ് സ്റ്റാന്റ് കെട്ടിടത്തിൽനിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടർന്നുവീണു. യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ആണ് സംഭവം. ബൈക്കിന് അരികില്‍ നില്‍ക്കുകയായിരുന്ന യാത്രക്കാരനാണ് ഓടിമാറിയതിനെ തുടർന്ന് രക്ഷപ്പെട്ടത്. 

കോഴിക്കോട്: ബസ് സ്റ്റാന്റ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീണപ്പോള്‍ താഴെ നിന്നിരുന്ന യാത്രക്കാരന്‍ രക്ഷപ്പെട്ടത് ഓടിമാറിയതിനാല്‍. കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലാണ് അപകടം നടന്നത്. ഞായറാഴ്ച രാവിലെ 9:15ഓടെയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷോപ്പിങ് കോംപ്ലക്‌സിന്റെ കംഫര്‍ട്ട് സ്റ്റേഷനോട് ചേര്‍ന്ന ഭാഗത്തെ ബീമിന്റെ ഭാഗമാണ് അടര്‍ന്നുവീണത്. ഇതിന് സമീപത്തായി നിര്‍ത്തിയിട്ട ബൈക്കിന് അരികില്‍ നില്‍ക്കുകയായിരുന്നു യാത്രക്കാരന്‍. അടര്‍ന്നുവീഴുന്ന ശബ്ദം കേട്ടയുടനെ ഓടിമാറിയതിനാലാണ് ഇയാള്‍ വലിയ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത്.

ഈ ഭാഗത്ത് എല്ലാ സമയത്തും നിറയെ യാത്രക്കാര്‍ ഉണ്ടാകുന്നതാണെന്ന് ഇവിടെയുള്ള കച്ചവടക്കാരും മറ്റും പറഞ്ഞു. ഞായറാഴ്ചയായതിനാല്‍ തിരക്ക് കുറവായതാണ് കൂടുതല്‍ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ ബീമില്‍ പലയിടത്തും വിള്ളലുണ്ട്. സീലിങ്ങിൻ്റെ പല ഭാഗവും അടര്‍ന്നുവീണ നിലയിലാണ്. തൂണുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയില്‍ ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.