നഗരത്തിലെ വിവിധ നദീ സൈറ്റുകളിലായി 11 ട്രാഷ്ബൂം സംവിധാനങ്ങൾ സ്ഥാപിച്ചും പ്രാദേശിക സമൂഹത്തിൽ 15 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുമാണ് ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്. 

തിരുവനന്തപുരം: സമുദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞത് മൂലം മത്സ്യസമ്പത്തും കടലിന്‍റെ സ്വാഭാവിക ജൈവ പരിസ്ഥിതിയും തകരുകയാണെന്ന് പഠനങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പലപ്പോഴും കടലില്‍ നിന്ന് വലിയ തോതിലുള്ള മാലിന്യങ്ങളുമായി കരയ്ക്ക് വരുന്ന മത്സ്യബന്ധന ബോട്ടുകളുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ കടലിലെ പ്ലാസ്റ്റിക് മാലിന്യ നീക്കത്തിന്‍റെ വളരെ ചെറിയൊരു ഭാഗമേയാകുന്നൊള്ളൂ. ഇതിനൊരു ശാശ്വത പരിഹാരമെന്നവണ്ണം കടല്‍ മലിനമാകാതെ നോക്കാന്‍ പ്ലസ്റ്റിക് ഫിഷര്‍ എന്ന സന്നദ്ധസംഘടന ചെയ്യുന്നത് മാലിന്യങ്ങളെ കടലിലേക്ക് ഒഴുക്കിവിടാതിരിക്കുകയെന്നതാണ്. ഇതിനായി തിരുവനന്തപുരത്തെ നദികളില്‍ വിവിധ ഇടങ്ങളിലായി സ്ഥാപിച്ച 11 ട്രാഷ്ബൂം സംവിധാനങ്ങൾ ഉപയോഗിച്ച് കടലിലേക്ക് ഒഴുകുമായിരുന്ന 100 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാന്‍ കഴിഞ്ഞെന്നും പ്ലാസ്റ്റിക് ഫിഷര്‍ ഗ്രൂപ്പ് പറഞ്ഞു. 

ജർമ്മൻ സോഷ്യൽ എന്‍റർപ്രൈസായ പ്ലാസ്റ്റിക് ഫിഷർ നദികളും സമുദ്രങ്ങളും ശുദ്ധീകരിക്കുന്നതിനുള്ള ഫലപ്രദമായ സമീപനത്തിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിയിട്ടുണ്ട്. സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനായി നദികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ കമ്പനിയാണ് പ്ലാസ്റ്റിക് ഫിഷർ. തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഫിഷർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കുന്ന പദ്ധതി അലയൻസ് ടെക്നോളജി & അലയൻസ് സർവീസസ് ആണ് സ്പോൺസർ ചെയ്യതത്. നഗരത്തിലെ വിവിധ സൈറ്റുകളിലായി 11 ട്രാഷ്ബൂം സംവിധാനങ്ങൾ സ്ഥാപിച്ചും പ്രാദേശിക സമൂഹത്തിൽ 15 തൊഴിലവസരങ്ങൾ സൃഷ്ടിച്ചുമാണ് ഈ നാഴിക്കക്കല്ല് കൈവരിക്കാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു. 

കൊല്ലം ജില്ലയിലെ സ്വകാര്യ സ്കൂളിലേക്ക് കൂട്ടത്തോടെ ടിസി വാങ്ങി വയനാട്ടിലെ ഗോത്ര സൗഹൃദ വിദ്യാലയത്തിലെ കുട്ടികൾ

തിരുവനന്തപുരത്ത് തമ്പാനൂർ തോട്, പട്ടം തോട്, ഉള്ളൂർ തോട്, ആമയിഴഞ്ചാൻ തോട്, കിള്ളിയാറ്, തെക്കിനക്കര കനാൽ എന്നിവയ്ക്ക് കുറുകെ ഇതിനകം പ്ലാസ്റ്റിക് ഫിഷർ ട്രാഷ്ബൂമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വമിഷൻ, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ, ജലസേചന വകുപ്പ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഈ വർഷാവസാനത്തോടെ 250 മെട്രിക് ടണ്ണിലധികം റിവർ പ്ലാസ്റ്റിക് ശേഖരിക്കാൻ നദികളിലും ചാലുകളിലും കനാലുകളിലുമായി മൊത്തം 18 സംവിധാനങ്ങൾ സ്ഥാപിക്കാനാണ് പ്ലാസ്റ്റിക് ഫിഷറുടെ പദ്ധതി. പതിവായി ട്രാഷ്ബൂമുകളുടെ ശുചീകരണം ഉറപ്പാക്കുന്നത് വഴി 10 ഓളം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാന്‍ കഴിയും.

ഇൻസ്റ്റാൾ ചെയ്ത ട്രാഷ്ബൂം നദിയിലൂടെ കടലിലേക്ക് ഒഴുകുന്ന പ്ലാസ്റ്റിക്കുകളെ തടയുന്നു. എല്ലാ അജൈവ വസ്തുക്കളും പ്ലാസ്റ്റിക് ഫിഷറിന്‍റെ സോർട്ടിംഗ് ഫെസിലിറ്റിയിൽ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് പുനരുപയോഗിക്കാവുന്നവ പ്രാദേശിക റീസൈക്ലർമാർക്ക് വിൽക്കുന്നു. പുനരുപയോഗിക്കാനാവാത്ത വസ്തുക്കൾ സിമൻറ് പ്ലാന്റുകളിൽ കോ-പ്രോസസിംഗിന് നല്‍കുന്നത് വഴി ഇവയില്‍ നിന്നും ഊർജ്ജോത്പാദനത്തിന് വഴി തെളിയുന്നു. ഇതിന് പുറമെ പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് ഫിഷർ ബീച്ച് വൃത്തിയാക്കൽ ഡ്രൈവുകളും നടത്തുന്നു. 

ഒരു മാസമെടുത്ത് വിരിഞ്ഞ ആയിരം ഇതളുള്ള 'അപൂർവ്വത', ഹരീഷിനും രമ്യക്കും അതിരില്ലാത്ത ആഹ്ലാദം!