കോഴിക്കോട് പയ്യോളിയിൽ ബസ് കാത്തുനിൽക്കുമ്പോൾ കളഞ്ഞുകിട്ടിയ സ്വർണമോതിരം ഉടമയ്ക്ക് തിരികെ നൽകി പ്ലസ് വൺ വിദ്യാർത്ഥിനിയായ പാർവണ. കിട്ടിയ ഉടനെ ഇത് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തുകയും ചെയ്തു. 

കോഴിക്കോട്: ബസ് കാത്തുനില്‍ക്കുന്നതിനിടെ കളഞ്ഞുകിട്ടിയ സ്വര്‍ണമോതിരം ഉടമയക്ക് തിരികെ നൽകി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. കോഴിക്കോട് പയ്യോളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും തുറയൂര്‍ പയ്യോളിത്താഴ കെകെ പ്രകാശന്റെ മകളുമായ പി എ പാര്‍വണയാണ് നാട്ടുകാരുടെയും സ്‌കൂള്‍ അധികൃതരുടെയും പ്രശംസ പിടിച്ചുപറ്റിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുമ്പോഴാണ് ബസ് സ്‌റ്റോപ്പിന് സമീപത്തായി ചെറിയ പെട്ടി കിടിക്കുന്നത് പാര്‍വണ കണ്ടത്. തുറന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണമോതിരം ലഭിക്കുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഉടന്‍ തന്നെ പയ്യോളി പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് വിവരം ധരിപ്പിച്ചു. ആഭരണം പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് നന്തി സ്വദേശിനി പുത്തലത്ത് നാജിഹയുടേതാണെന്ന് ബോധ്യമായത്. തുടര്‍ന്ന് രാത്രിയോടെ ഇരുവരെയും വിളിച്ചു വരുത്തി അപര്‍ണയെക്കൊണ്ട് തന്നെ ആഭരണം ഉടമയെ ഏല്‍പിക്കുകയായിരുന്നു. നഷ്ടപ്പെട്ടെന്നു കരുതിയ മോതിരം തിരികെ ലഭിച്ചതിന്റെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷവുമായാണ് നാജിഹ സ്‌റ്റേഷനില്‍ നിന്ന് മടങ്ങിയത്.