മലപ്പുറം പുളിക്കലില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ ചെമ്മങ്ങാട് പൊലീസ് പിടികൂടിയത്.

കോഴിക്കോട്: കാപ്പ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിടികൂടി. കോഴിക്കോട് മുഖദാര്‍ സ്വദേശി അറയ്ക്കല്‍തൊടിക വീട്ടില്‍ അജ്മല്‍ ബിലാല്‍(24) ആണ് അറസ്റ്റിലായത്. മലപ്പുറം പുളിക്കലില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ ചെമ്മങ്ങാട് പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട അജ്മലിനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്നും മറ്റ് കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നിബന്ധനയോടെ നാട് കടത്തിയിരുന്നു. എന്നാല്‍ നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് വൈദ്യ പരിശോധന നടത്താനായി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശുചിമുറിയില്‍ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ശുചിമുറിയിലെ വെന്റിലേറ്റര്‍ തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടത്.

മോഷണം, വീട്ടില്‍ കയറി സ്ത്രീകളെ ആക്രമിക്കല്‍, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, മൊബൈല്‍ ഫോണ്‍ കവര്‍ച്ച തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കോഴിക്കോട് ടൗണ്‍, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, ചെമ്മങ്കാട്, ചേവായൂര്‍, നടക്കാവ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...