പ്രതികളുടെ പേരിൽ മുമ്പു വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

തൃശൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ മാവിന്‍ ചുവട് സ്വദേശി ജിതു എന്നറിയപ്പെടുന്ന ജിതിന്‍ ലാല്‍ (36), എടതിരിഞ്ഞി സ്വദേശി പുതുപ്പള്ളി വീട്ടില്‍ നസ്മല്‍ (23), കല്ലൂര്‍ ആതൂര്‍ സ്വദേശി ചിട്ടിയാട്ട് വീട്ടില്‍ മിഥുന്‍, കുട്ടന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബിഥുന്‍ (35) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ആമ്പല്ലൂര്‍ പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ വിശാഖിനെയാണ് (30) ഇവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഒരു വര്‍ഷം മുമ്പ് ബിഥുനെതിരേ വിശാഖ് പൊലീസില്‍ പരാതി കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ജിതിന്‍ലാലും, നസ്മലും, മിഥുനും ചേര്‍ന്ന് കഴിഞ്ഞ ദിവസം വിശാഖിന്റെ പച്ചളിപ്പുറത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വാള് കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലിസ് പറയുന്നു. പ്രതികളുടെ പേരിൽ മുമ്പു വധശ്രമം അടക്കമുള്ള ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്, ലിയാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിഥീഷ്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

അനിയന് സ്വപ്ന ബൈക്ക് സമ്മാനിച്ച് ചേട്ടൻ, പണം വന്ന വഴി കണ്ടെത്തി പൊലീസ്; പിന്നാലെ യമഹ എഫ്‍സി കണ്ടുകെട്ടി

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത യുവാവ് സഹോദരന് വാങ്ങി നല്‍കിയ ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് ലഹരി വില്‍പനയിലൂടെ സാമ്പാദിച്ച പണത്തിലൂടെയെന്ന് കണ്ടെത്തി എന്നതാണ്. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി തോണിച്ചിറ കരിമ്പാടന്‍ കോളനിയിലെ കെ അജിത്ത് (22), തന്‍റെ സഹോദരന് സമ്മാനമായി നല്‍കിയ യമഹ എഫ്‌ സി മോഡല്‍ ബൈക്കാണ് ലഹരി വില്‍പനയിലൂടെ നേടിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബൈക്ക് പോലീസ് കണ്ടുകെട്ടി. സ്മഗ്ലേഴ്‌സ് ആൻഡ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റി(എസ് എ എഫ് ഇ എം എ) ഉത്തരവ് പ്രകാരമാണ് പൊലീസിന്റെ നടപടി. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് 89 ഗ്രാം എം ഡി എം എയുമായാണ് അജിത്തിനെ പൊലീസ് പിടികൂടിയിരുന്നത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയാ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരി വില്‍പനയിലൂടെ വാങ്ങിയ ബൈക്ക് സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം