വയനാട്ടിലെ വെള്ളമുണ്ടയിൽ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലായി. എം എന്‍ നന്ദു, എ കെ സുബൈര്‍ എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വെള്ളമുണ്ട പൊലീസും ചേര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
കല്‍പ്പറ്റ: വെള്ളമുണ്ടയില്‍ കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുപ്പാടിത്തറ പുതുശ്ശേരിക്കടവ് മേലെ നറുക്കില്‍ വീട്ടില്‍ എം എന്‍ നന്ദു (27), പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ഐക്കാരന്‍ വീട്ടില്‍ എ കെ സുബൈര്‍ (34) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വെള്ളമുണ്ട പൊലീസും ചേര്‍ന്ന് പിടികൂടിയത്.
ലക്കിടി ഓറിയന്റല്‍ കോളേജിലെ ജീവനക്കാരനായ നന്ദുവിനെതിരെ വിദ്യാര്‍ത്ഥികളില്‍നിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് പൊലീസിന് നിരന്തരം പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഏറെ നാളത്തെ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇയാളെ ലഹരിവസ്തുക്കളുമായി പിടികൂടിയത്. പടിഞ്ഞാറത്തറയിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി ലഹരി വില്‍പന നടത്തിയിരുന്നയാളാണ് സുബൈര്‍.


