മുളകുപൊടിയെറിഞ്ഞു, മുഖം മുണ്ടിട്ട് മൂടി; ഓമശ്ശേരി പെട്രോൾ പമ്പിലെ സിനിമ സ്റ്റൈൽ കവർച്ചയിൽ പൊലീസ് അന്വേഷണം
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിൽ സാമ്യതയുളളവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുന്നുണ്ട്.

കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിലെ സിനിമാ സ്റ്റൈൽ കവർച്ചയില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മുകളുപൊടിയെറിഞ്ഞും ജീവനക്കാരന്‍റെ മുഖത്ത് മുണ്ടിട്ട് മൂടിയുമായിരുന്നു പണം കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുക്കം പൊലീസ് അന്വേഷണം തുടങ്ങിയത്. പുലർച്ചെ രണ്ടുമണിക്കാണ് സംഭവം. ഓമശ്ശേരി മങ്ങാട് 24മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലാണ് നാലംഗ കവർച്ചാസംഘമെത്തിയത്. സംഭവസമയത്ത് രണ്ട് ജീവനക്കാർ മാത്രമായിരുന്നു പെട്രോൾ പമ്പിലുണ്ടായിരുന്നത്.
പെട്രോളടിക്കാനെന്ന വ്യാജേന കാറിൽ എത്തിയവരായിരുന്നു കവർച്ച നടന്നത്. പെട്രോളടിച്ച് പണം വാങ്ങാനുളള ശ്രമത്തിനിടെ ജീവനക്കാരൻ സുരേഷ് ബാബുവിന്‍റെ മുഖത്തേക്ക് ഒരാൾ മുളക് പൊടിയെറിഞ്ഞു. നിമിഷങ്ങൾക്കകം മറ്റൊരാൾ ഉടുത്തമുണ്ടുരിഞ്ഞ് സുരേഷ്ബാബുവിനെ വരിഞ്ഞുമുറുക്കി പണം കവർന്നു. ഉറക്കത്തിലായിരുന്ന മറ്റൊരു ജീവനക്കാരനെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിൽ സാമ്യതയുളളവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുന്നുണ്ട്.