കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് വിദ്യാർഥികളെ ഒഴിവാക്കിയതിലുള്ള പ്രതികരണമെന്ന നിലയിലാണ് ബസ് ഉടമയും മർച്ചന്റ് നേവി ക്യാപ്റ്റനുമായ കെ പി പങ്കജാക്ഷൻ ഈ സൗകര്യം ഏർപ്പെടുത്തിയത്.
തൃപ്പൂണിത്തുറ: കെഎസ്ആർടിസി ബസ്സുകളിൽ വനിതകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ, സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ഒരു ബസ് ഉടമ. പൂത്തോട്ട - കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ പി എം ട്രാവൽസാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. തന്‍റെ ഉടമസ്ഥതയിലുള്ള ഏഴ് ബസുകളിൽ ഒന്നിലാണ് പ്രത്യേകം സ്റ്റിക്കർ പതിപ്പിച്ച് വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നതെന്ന് ബസ് ഉടമയും മർച്ചന്റ് നേവി ക്യാപ്റ്റനുമായ കെ പി പങ്കജാക്ഷൻ പറഞ്ഞു. പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് പരിഗണനയുള്ളത്. പ്രതിദിനം 250ൽ അധികം വിദ്യാർത്ഥികളാണ് ഈ ബസിൽ യാത്ര ചെയ്യാറെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനത്തിനെതിരെ എതിർപ്പുകൾ ഉണ്ടായേക്കാമെങ്കിലും വിദ്യാർഥികൾക്കുള്ള സൗജന്യ യാത്ര തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രീതി മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കണമോയെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിയിൽ നിന്ന് വിദ്യാർഥികളെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്ന് ചൂണ്ടിക്കാണിച്ച പങ്കജാക്ഷൻ, ഇതിലൂടെ സർക്കാരിന് വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാകട്ടെയെന്നും അഭിപ്രായപ്പെട്ടു. പൂത്തോട്ടയിൽ നിന്ന് ഇന്ന് രാവിലെ ആരംഭിച്ച ട്രിപ്പ് മുതൽ സ്കൂൾ വിദ്യാർഥികൾ ഈ ബസിൽ സൗജന്യ യാത്ര തുടങ്ങി.
