കോഴിക്കോട്-കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിന്റെ പിൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. കാട്ടിലപ്പീടികയിൽ വെച്ചായിരുന്നു സംഭവം. ടയർ സമീപത്തുണ്ടായിരുന്ന ലോറിയിൽ തട്ടി നിന്നതിനാലും ഉടൻ ബസ് നിർത്തിയതിനാലും വലിയ ദുരന്തം ഒഴിവായി.
കോഴിക്കോട്: സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. ദേശീയ പാതയില്‍ കൊയിലാണ്ടി കാട്ടിലപ്പീടികയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തില്‍ ബസ്സിന്റെ പിന്‍ഭാഗത്തെ ഇടതുവശത്തെ ടയര്‍ ഊരിത്തെറിച്ചു പോവുകയായിരുന്നു. കോഴിക്കോട്- കൊയിലാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവിക ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ടയര്‍ ഊരിത്തെറിച്ച് സമീപത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ തട്ടി നില്‍ക്കുകയായിരുന്നു. ബസ് ഉടന്‍ തന്നെ ഡ്രൈവര്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തി. ടയര്‍ തെറിച്ചു പോയ വഴിയില്‍ ആരും ഇല്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


