അപകടമരണം കൊലപാതകമാണെന്ന് പൊലീസിന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു

തിരുവനന്തപുരം: മാരായമുട്ടം പെരുങ്കടവിളയിൽ കൊലക്കേസ് പ്രതി രഞ്ജിത്ത് ( 35 ) ദുരൂഹ സാഹചര്യത്തിൽ വാഹനാപകടത്തിൽ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. തോട്ടാവാരം സ്വദേശി രഞ്ജിത്തിനെ ബൈക്കിൽ ടിപ്പര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കീഴാറൂര്‍ സ്വദേശി ശരത് കോടതിയിൽ കീഴടങ്ങി. ഇരുവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ പത്തരയ്ക്കാണ് പെരുങ്കടവിള തെള്ളുകുുഴിയിൽ വച്ച് രഞ്ജിത്ത് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. സഹോദരിയുടെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിൽ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തെ തുടർന്നായിരുന്നു രഞ്ജിത്ത് കൊല്ലപ്പെട്ടത്. 2015 ൽ ഇടവഴിക്കര മാരായമുട്ടം ജോസിനെ വെട്ടിക്കൊന്ന കേസിലെ മൂന്നാം പ്രതിയാണ് രഞ്ജിത്ത്. ജോസ് വധക്കേസിലെ രണ്ട് പ്രതികൾ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് വാഹനാപകടം ആസൂത്രിതമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയത്. അപകടമരണം കൊലപാതകമാണെന്ന് പൊലീസിന് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. കൊലപാതകത്തിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങവെയാണ് പ്രതി കോടതിയിൽ കീഴടങ്ങിയത്.

തിരുവനന്തപുരത്ത് ബിവറേജിന് മുന്നിലെ കൊലപാതക കേസിലെ പ്രതി ടിപ്പർ ഇടിച്ച് മരിച്ചു; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

ടിപ്പര്‍ ലോറി ഓടിച്ച ശരത് ഇന്ന് വൈകീട്ടാണ് നെയ്യാറ്റിൻകര കോടതിയിൽ കീഴടങ്ങിയത്. ഇതിന് പിന്നാലെ കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. ശരത്തും രഞ്ജിത്തും സുഹൃത്തുകളും കഴിഞ്ഞദിവസം രാത്രിയിൽ നെയ്യാറ്റിൻകര പെരുമ്പഴുതൂരിൽ വച്ച് മദ്യപിക്കുകയും തമ്മിൽത്തല്ലുണ്ടായെന്നുമായിരുന്നു രഞ്ജിത്തിന്‍റെ ബന്ധുക്കളുടെ പരാതി. സാമ്പത്തിക ഇടപാടുകളിലും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തെ തുടർന്ന് ആകാം കൊലപാതകമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് മാരായമുട്ടം പൊലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്.

YouTube video player