ഇടുക്കി ഉടുമ്പൻചോലയിൽ അവിഹിത ബന്ധം സംശയിച്ച് ഗൃഹനാഥനെ ബന്ധുക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു.
ഇടുക്കി : ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ ബന്ധുക്കളായി മൂന്നു പേർ പിടിയിൽ. അരുവിളംചാൽ സ്വദേശി മണികണ്ഠനാണ് പരിക്കേറ്റത്. അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ആക്രമണം. വെട്ടി പരിക്കേൽപ്പിച്ച ശേഷം ജീപ്പിൽ കയറ്റി കൊക്കയിലേക്ക് തള്ളിയിട്ട് കൊല്ലാനും ശ്രമം നടത്തി. ഇടുക്കി ഉടുമ്പൻചോലക്കടത്ത് മാൻകുത്തിമേട്ടിൽ വച്ചാണ് സംഭവം. അരുവിളം ചാൽ സ്വദേശിയായ മണികണ്ഠനെ പ്രതികളും ബന്ധുക്കളുമായ കൊച്ചറയിൽ താമസിക്കുന്ന നിതീഷ് കുമാറും ഇയാളുടെ ഭാര്യയുടെ സഹോദരൻമാരായ മഹേഷും അശ്വിനും ചേർന്ന് വിളിച്ചു വരുത്തുകയായിരുന്നു. മാൻകുത്തിമേട്ടിലാണ് മഹേഷും അശ്വിനും താമസിക്കുന്നത്.
ഇവരുടെ സഹോദരീ ഭർത്താവാണ് നിതീഷ് കുമാർ. മാൻകുത്തി മേട്ടിലെ റോഡരികിലുള്ള ഷെഡിൽ വച്ച് നിതീഷ് കുമാർ മണികണ്ഠൻറെ ഇടതു കൈക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. മഹേഷും അശ്വിനും വടികൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് മണികണഠൻ മൊഴി നൽകിയിരിക്കുന്നത്. സ്വന്തം ജീപ്പിലാണ് മണികണ്ഠൻ സംഭവ സ്ഥലത്തെത്തിയത്. പരിക്കേറ്റ മണികണ്ഠനെ ജീപ്പിൻറെ പിറകിൽ കിടത്തിയ ശേഷം തേവാരംമെട്ടിന് സമീപമുള്ള ഇറക്കത്തിൽ വാഹനം ന്യൂട്ടർ ആക്കിയശേഷം തള്ളി വിട്ടു.
മരത്തിൽ ഇടിച്ചു നിന്നതിനാൽ വാഹനം കൊക്കയിലേക്ക് വീണില്ല. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹന അപകടം നടന്നതായി പോലീസിനെ അറിയിച്ചത്. ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആക്രമണത്തിൻറെ വിവരങ്ങൾ മനസിലായത്. നെടുങ്കണ്ടം താലൂക്ക് ആശുപത്രി, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ചികിത്സക്ക് ശേഷം മണികണ്ഠനെ മധുര മെഡിക്കൽ കോളജിലേക്ക് മാറ്റി. മണികണ്ഠൻറെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.


