മുഹമ്മ സ്വദേശിയായ ഋഷികേശ്, വീടുകളിൽ കയറുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സഹായിക്കുന്ന 'വയർലെസ് സ്നേക്ക് ക്യാച്ചിങ് ഡിവൈസ്' എന്ന നവീന ഉപകരണം വികസിപ്പിച്ചു. പൈപ്പിലൂടെ പാമ്പ് കയറുമ്പോൾ വീട്ടിൽ സൈറൺ മുഴങ്ങുകയും, ഇതിനെ ഒരു തുണിസഞ്ചിയിലാക്കി വനം വകുപ്പിന് കൈമാറാനും സാധിക്കും 

മുഹമ്മ: വേനൽച്ചൂട് വർധിച്ചതോടെ വീടുകളിൽ പാമ്പുകൾ കയറുമെന്ന ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ നവീന ഉപകരണവുമായി മുഹമ്മ സ്വദേശി ഋഷികേശ്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറാൻ സാധിക്കുന്ന 'വയർലെസ് സ്നേക്ക് ക്യാച്ചിങ് ഡിവൈസ്' ആണ് ഇദ്ദേഹം വികസിപ്പിച്ചെടുത്തത്. ഉപകരണത്തിലെ പൈപ്പിനുള്ളിലേക്ക് പാമ്പ് കയറുമ്പോൾ തന്നെ വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന റിസീവറിൽ സൈറൺ മുഴങ്ങി മുന്നറിയിപ്പ് നൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൈപ്പിന്റെ മറ്റേ അറ്റത്തുള്ള ഒരു മീറ്റർ നീളമുള്ള കറുത്ത തുണിസഞ്ചിയിലേക്ക് കയറുന്ന പാമ്പിനെ സുരക്ഷിതമായി ലോക്ക് ചെയ്ത് വനം വകുപ്പിന് കൈമാറാനാകുമെന്ന് ഋഷികേശ് പറയുന്നു. പൈപ്പിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച രണ്ട് സെൻസറുകൾ ഉള്ളതിനാൽ പാമ്പ് കയറിയാൽ മാത്രമേ സൈറൺ പ്രവർത്തിക്കൂ എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. എലിയോ തവളയോ കയറിയാൽ സിസ്റ്റം പ്രവർത്തിക്കില്ല. ട്രാൻസ്മിറ്റർ, റിസീവർ എന്നിങ്ങനെ രണ്ട് ഭാഗങ്ങളാണ് ഉപകരണത്തിനുള്ളത്. വീടിന്റെ പുറത്ത് ഭിത്തിയോട് ചേർന്നോ പാമ്പുകൾ കാണപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലോ ആണ് പൈപ്പ് ഉൾപ്പെടുന്ന ട്രാൻസ്മിറ്റർ സ്ഥാപിക്കേണ്ടത്.

പൈപ്പിൽ പാമ്പ് കയറുമ്പോൾ ട്രാൻസ്മിറ്ററിൽ നിന്നുള്ള റേഡിയോ സിഗ്നൽ 300 മീറ്റർ പരിധിക്കുള്ളിലെ റിസീവറിൽ എത്തിയാണ് സൈറൺ മുഴങ്ങുന്നത്. പാമ്പ് കയറിയാൽ മാത്രം വൈദ്യുതി ഉപയോഗിക്കുന്നതിനാൽ 12 വോൾട്ടിന്റെ ചെറിയ ആൽക്കലൈൻ ബാറ്ററി നാല് വർഷത്തോളം മാറ്റാതെ ഉപയോഗിക്കാം. രാഷ്ട്രപതിയിൽ നിന്ന് അവാർഡ് നേടിയിട്ടുള്ള ഋഷികേശ്, നെഹ്റു ട്രോഫി വള്ളംകളിയിലെ സ്റ്റാർട്ടിങ് അപാകതകൾ പരിഹരിക്കാനുള്ള ഉപകരണമുൾപ്പെടെ നിരവധി കണ്ടുപിടിത്തങ്ങളുടെ ഉടമയാണ്.