രാത്രി വൈദ്യുതി ബന്ധം തകരാറിലായ സമയത്തായിരുന്നു മോഷണമെങ്കിലും മോഷണത്തിനെത്തിയവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: ആര്യനാട് കാഞ്ഞിരംമൂക്ക് ജങ്ഷനിലെ കടകൾ കുത്തുറന്ന് മോഷണം. രണ്ട് കടകളിൽ നിന്നായി വിലകൂടിയ ഫോണുകളും ബാഗും ചെരുപ്പുകളും ഉൾപ്പെടെ കവർന്നു. ഷഫീഖിന്‍റെ ഉടമസ്ഥതയിലുള്ള "മൊബൈൽ കോർണർ' മൊബൈൽ ഷോപ്പിലും ഷംനാഥിന്‍റെ ഉടമസ്ഥതയിലുള്ള "നോവ' ചെരുപ്പ് കടയിലുമാണ് കഴിഞ്ഞ രാത്രി മോഷണം നടത്തിയത്. മഴയും കനത്ത കാറ്റും മൂലം നാശ നഷ്ടങ്ങൾ നേരിട്ട പ്രദേശങ്ങളിലാണ് മോഷണം നടന്നത്. 

രാത്രി വൈദ്യുതി ബന്ധം തകരാറിലായ സമയത്തായിരുന്നു മോഷണമെങ്കിലും മോഷണത്തിനെത്തിയവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൊബൈൽ ഷോപ്പിൽ നിന്ന് ഓപ്പോ, വിവോ, സാംസ്ങ്ങ് ബ്രാന്‍റുകളിലുള്ള വിലകൂടിയ ആൻഡ്രോയ്ഡ് മൊബൈലുകളും,കസ്റ്റമർ സർവീസിനായി നൽകിയ കൂടിയ നിരവധി ഫോണുകകളുമടക്കം മോഷണംപോയി. 

രണ്ട് കടകളിൽ നിന്നുമായി നാല് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായാണ് വിവരം. ചെരുപ്പ് കടയിൽ നിന്ന് ബാഗ്, ചെരുപ്പ്, കുട, ഷൂസ് തുടങ്ങിയവയും മോഷ്ടിച്ചു. സംഭവത്തിൽ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി ആര്യനാട് പൊലീസ് അറിയിച്ചു.