Asianet News MalayalamAsianet News Malayalam

മൊബൈലില്ല, സ്ഥിരമായി ഒരിടത്തും താമസിക്കില്ല; സംസ്ഥാനത്ത് പറന്ന് നടന്ന കള്ളൻ ഒടുവിൽ പിടിയിൽ

മോഷ്ടിച്ച സ്വർണ്ണ മാലയും ടോറസ് അടക്കമുള്ള വാഹനങ്ങളും കോയമ്പത്തൂരിൽ എത്തിച്ച് വിൽപ്പന നടത്തി മടങ്ങി വരുമ്പോഴാണ് പിടിയിലായത്

Salam accused in 100 plus robberies arrested at Kozhikode
Author
Feroke, First Published Jul 25, 2022, 7:31 PM IST

കോഴിക്കോട്: സംസ്ഥാനമൊട്ടാകെ പൊലീസിന് തലവേദനയായി മാറിയ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ  മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതിയാണ് പിടിയിലായത്. ഫറോക്ക് സ്വദേശി സലാം (42) നെയാണ് കോഴിക്കോട് പോലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്ത് നൂറിലധികം കേസുകളുണ്ട്. സ്വർണം പൊട്ടിച്ച് മോഷ്ടിച്ച കേസുകളും വാഹന മോഷണ കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഫറോക്ക് സ്വദേശിയാണ് പിടിയിലായ മോഷ്ടാവ് സലാം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ അടുത്തിടെ ഉണ്ടായ മാല പൊട്ടിക്കൽ കേസുകളുടെ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് സേനയിലെ കാവൽ ഗ്രൂപ്പായിരുന്നു അന്വേഷണത്തിന് പിന്നിൽ. ഇവർ മോഷണം നടന്ന സ്ഥലങ്ങളിലെ 150 ലധികം സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു. എല്ലായിടത്തും സലാമിന്‍റെ സാന്നിധ്യം അന്വേഷണ സംഘം തിരിച്ചറിഞ്ഞു.

മലപ്പുറത്ത് കോട്ടയ്ക്കൽ, മലാപറമ്പ് എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണ മാലയും ടോറസ് അടക്കമുള്ള വാഹനങ്ങളും കോയമ്പത്തൂരിൽ എത്തിച്ച് സലാം വിൽപ്പന നടത്തി. ഇതിന് ശേഷം കോയമ്പത്തൂരിൽ നിന്ന് തിരികെ വരുമ്പോഴാണ് പ്രതി പിടിയിലാകുന്നത്. അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ നിന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നടന്ന മാല പൊട്ടിക്കൽ, വാഹന മോഷണ കേസുകളിൽ  ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസിന് ബോധ്യമായി. 

ഓരോ കുറ്റകൃത്യം ചെയ്ത ശേഷവും ജില്ലകൾ വിട്ട് സലാം യാത്ര ചെയ്യുമായിരുന്നു. താമസ സ്ഥലങ്ങൾ ഇടയ്ക്കിടെ മാറുന്നതും പതിവായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വെല്ലുവിളിയായിരുന്നു. മോഷണ മുതലുകൾ സംസ്ഥാനത്തിന് പുറത്ത് വിൽക്കാൻ സലാമിനെ സഹായിച്ചത് ആരൊക്കെയെന്നും പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട്. ഇവരും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios