വിവിധയിടങ്ങളിൽ നിരവധി മോഷണങ്ങൾ, ഷട്ടർ തകർത്ത് പണമെടുത്തു, ഇത്തവണ മണിക്കൂറുകൾക്കകം കുടുക്കിയത് സിസിടിവി
ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തെ കടയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു

മാനന്തവാടി: ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തെ കടയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തരുവണ കോക്കടവ് കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷ് (30)ആണ് കടമുറിയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതിന് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നത്.
തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ നിന്ന് 5600 രൂപയാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞതോടെ മോഷണം നടന്ന കടയുടെ സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. കൃത്യമായി പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സുധീഷിനെ പിടികൂടുകയായിരുന്നു.
നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. എസ് എച്ച് ഒ അബ്ദുള്‍ കരീം, എസ്ഐമാരായ സോബിന്‍, സനില്‍ കുമാര്‍, എ എസ് ഐ ബിജു വര്‍ഗീസ്, എസ് സി പി ഒമാരായ മനു അഗസ്റ്റിന്‍, സരിത്ത്, സെബാസ്റ്റ്യന്‍, റോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്.
Read more: കച്ചമുറുക്കി ഇറങ്ങുന്നു! ഏകോപനത്തിന് വകുപ്പ് സെക്രട്ടറി, മാർച്ചിൽ പ്രവൃത്തി പൂർത്തിയാക്കാൻ 38 നഗര റോഡുകള്‍
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം