മെയ് 29 നാണ് ആറാംക്ലാസുകാരി ശിവപ്രിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞാറക്കലിലെ വീട്ടിലെ ഹാളിലായിരുന്നു മൃതദേഹം

കൊച്ചി: വൈപ്പിനില്‍ പതിനൊന്നു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തകരമല്ലെന്ന് പരാതി. വിശദമായി അന്വേഷിക്കാതെ ആത്മഹത്യയെന്ന് ഉറപ്പിക്കുകയാണ് പൊലീസെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആലുവ എസ്പിക്ക് പരാതി നല്‍കി.

മെയ് 29 നാണ് ആറാംക്ലാസുകാരി ശിവപ്രിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞാറക്കലിലെ വീട്ടിലെ ഹാളിലായിരുന്നു മൃതദേഹം. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് കുട്ടി മരിച്ചത്. സഹോദരിയും ആ സമയം വീട്ടിലുണ്ടായിരുന്നില്ല. 11 മണിയോടെ അമ്മ സുനിതയുടെ ജോലി സ്ഥലത്തെത്തിയ ശിവപ്രിയ സന്തോഷത്തോടെയാണ് തിരിച്ച് വീട്ടിലേക്ക് പോന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയിലാണ് മകളെ കണ്ടതെന്ന് അമ്മ സുനിത പറഞ്ഞു.

മൃതദേഹത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലെ കൈയ്യക്ഷരം ശിവപ്രിയയുടേതല്ലെന്നും വസ്ത്രധാരണവും പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും കുടുംബം പറയുന്നു. ഇതൊന്നും വേണ്ടവിധത്തില്‍ അന്വേഷിക്കാതെ ആത്മഹത്യയെന്ന് എഴുതിത്തള്ളുകയാണ് ഞാറക്കല്‍ പോലീസ് ചെയ്യുന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി.

മകളുടെ മരണത്തിനു പിന്നാലെ ഈ നിര്‍ധന കുടുംബം ഞാറക്കലില്‍ നിന്ന് പറവൂരിലെ വാടക വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.