Asianet News MalayalamAsianet News Malayalam

'അയ്യോ പാമ്പ്, ഓടിക്കോ'; സ്ലീപ്പര്‍ കോച്ചില്‍ കയറിക്കൂടിയ പാമ്പ്, യാത്രികരുടെ ഉറക്കം പോയ മണിക്കൂറുകള്‍

ട്രെയിനിനുള്ളില്‍ എങ്ങോട്ട് ഓടുമെന്ന ആശങ്കയില്‍ പാമ്പിനെ പേടിച്ച് പരിഭ്രാന്തരായിരുന്ന യാത്രക്കാര്‍ക്ക് ഒടുവില്‍ ശ്വാസം വീണത് പൊലീസും ഫോറസ്റ്റും ഫയര്‍ഫോഴ്സുമൊക്കെയെത്തി പരിശോധന നടത്തിയ ശേഷമാണ്. 

snake creates panic among passengers in the nizamuddin express train
Author
Kozhikode, First Published Jul 28, 2022, 10:59 AM IST

കോഴിക്കോട്: അയ്യോ പാമ്പ്,  ഓടിക്കോ... എന്ന നിലവിളിക്ക് പിന്നാലെ ഇന്നലെ രാത്രി തിരുവന്തപുരം -  നിസാമുദ്ദീൻ എക്സ്പ്രസില്‍ നടന്നതൊക്കെ ഓര്‍ത്ത് ഞെട്ടിയിരിക്കുകയാണ് യാത്രക്കാര്‍.  തിരുവന്തപുരം -  നിസാമുദ്ദീൻ എക്സ്പ്രസിലെ സ്ലീപ്പർ കംപാർട്മെന്‍റില്‍ കയറിക്കൂടിയ പാമ്പ് യാത്രക്കാരുടെ സ്വസ്ഥത നശിപ്പിച്ചത് മണിക്കൂറുകളോളം. ട്രെയിനിനുള്ളില്‍ എങ്ങോട്ട് ഓടുമെന്ന ആശങ്കയില്‍ പാമ്പിനെ പേടിച്ച് പരിഭ്രാന്തരായിരുന്ന യാത്രക്കാര്‍ക്ക് ഒടുവില്‍ ശ്വാസം വീണത് പൊലീസും ഫോറസ്റ്റും ഫയര്‍ഫോഴ്സുമൊക്കെയെത്തി പരിശോധന നടത്തിയ ശേഷമാണ്. 

പാമ്പിനെ കണ്ടത് തിരൂരിൽ വച്ച്

ട്രെയിൻ രാത്രി തിരൂരിൽ എത്തിയപ്പോഴാണ് കണ്ണൂർ സ്വദേശിയായ യാത്രക്കാരി പാമ്പിനെ കാണുന്നത്. എസ് 5 സ്ലീപ്പർ കോച്ചിലെ 28 -31 ബർത്തുകൾക്ക് സമീപമായിരുന്നു പാമ്പ്. ഇതോടെ യാത്രക്കാർ ബഹളം വച്ചു. ഇതിനിടെ ഒരാൾ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും കൊല്ലരുതെന്ന് പറഞ്ഞു മറ്റ് ചിലർ ബഹളമായി. ഇതോടെ യാത്രക്കാരൻ പാമ്പിന്‍റെ ദേഹത്ത് നിന്ന് വടിമാറ്റി. ഇതോടെ പാമ്പ് ഇഴഞ്ഞ് അല്പം മുന്നോട്ട് പോയി. തുടർന്ന് സംഭവമറിഞ്ഞ് ടിടിആർ ഷാജി എത്തി. വിവരം റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു.

snake creates panic among passengers in the nizamuddin express train

കോഴിക്കോട് ട്രെയിന്‍ പിടിച്ചിട്ട് പരിശോധന

രാത്രി 10.15 ന് ട്രെയിൻ കോഴിക്കോട് നാലാം പ്ലാറ്റ്ഫോമിൽ എത്തി. പെട്ടെന്ന് തന്നെ ആർപിഎഫും പൊലീസും വനംവകുപ്പും വടിയും സന്നാഹങ്ങളുമായി കോച്ചിൽ  കയറി പരിശോധന തുടങ്ങി. ഇതിനിടെ പാമ്പിനെ കണ്ട ഒരാൾ വടി കൊണ്ട് കുത്തിപ്പിടിച്ചു,  എന്നാൽ പാമ്പ് തെന്നിമാറി ഇഴഞ്ഞു പോയി. തുടർന്ന് കംപാർട്ട് മെന്‍റിലെ എല്ലാവരോടും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ലഗേജ് ഉൾപ്പെടെ എല്ലാം പുറത്തിറക്കി. അരിച്ചുപറക്കി. ഒരു മണിക്കൂർ പരിശോധിച്ചെങ്കിലും പാമ്പിനെ കിട്ടിയില്ല. ബാഗുകൾ തുറന്നു പരിശോധിച്ചിട്ടും പൊടി പോലും കിട്ടിയില്ല. 

Read More : ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്, കണ്ടത് തിരൂരിൽ വെച്ച്; പരിഭ്രാന്തരായി യാത്രക്കാർ

പാമ്പ് എങ്ങനെ അകത്തുകയറി
  
കംപാർട്ട്മെന്‍റിലെ പല ഭാഗത്തും ഷട്ടറുകൾ തുറന്നു കിടന്നിരുന്നു. ഇതുവഴി പാമ്പ് അകത്തിയറിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ട്രെയിന്‍ നിർത്തിയിട്ട എതെങ്കിലും സ്ഥലത്ത് വച്ച് പാമ്പ് അകത്ത് കയറിക്കാണും എന്നാണ്  ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നച്. വനം വകുപ്പും പൊലീസും അഗ്നിരക്ഷാ സേനയും എല്ലാം അരിച്ചുപറക്കിയിട്ടും പാമ്പിനെ കിട്ടിയില്ല എന്നതാണ് കൗതുകം. ഒടുവിൽ 11.15 ഓടെ ട്രെയിൻ നിസാമുദ്ദീനിലേക്ക് പുറപ്പെട്ടു.  എന്തായാലും ട്രെയിനിൽ പെട്ടെന്നൊരു നിമിഷം, ബാഗിന് അരികിൽ പാമ്പിനെ കണ്ടവരുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. 

snake creates panic among passengers in the nizamuddin express train

Follow Us:
Download App:
  • android
  • ios