ഭാര്യാപിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകനെ കുന്നംകുളം പൊലീസ് പിടികൂടി.
തൃശൂര്‍: ഭാര്യാപിതാവിനെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകനെ കുന്നംകുളം പൊലീസ് പിടികൂടി. കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണ്‍ മാത്യുവിനെ (55)യാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പഴഞ്ഞി സെന്റ് തോമസ് റോഡില്‍ താമസിക്കുന്ന പഴുന്നാന്‍ വീട്ടില്‍ സൈമനെ(75)യാണ് പ്രതി ചാക്കില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നിന് വില്‍സണ്‍ മാത്യുവിന്റെ ഭാര്യയും സൈമന്റെ മകളുമായ സ്വപ്നയെ വില്‍സണ്‍ മാത്യു മര്‍ദ്ദിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സൈമണ്‍ സംഭവസ്ഥലത്ത് എത്തിയത്.
തുടര്‍ന്ന് സ്വപ്നയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വാഹനത്തില്‍ കയറ്റുന്നതിനിടെ സൈമനെ പ്രതി ചാക്കില്‍ കല്ലുകെട്ടി അടിക്കുകയും സൈമന്റെ ഓട്ടോറിക്ഷ പ്രതി കല്ലുകൊണ്ട് അടിച്ച് തകര്‍ക്കുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സൈമണ്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ മറ്റൊരു ക്രിമിനല്‍ കേസിലെയും പ്രതിയാണ് വില്‍സണ്‍ മാത്യു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അതേസമയം, താമരശ്ശേരിയിൽ 19 വയസുകാരിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനമേറ്റ വാർത്തയും ഇന്ന് പുറത്തുവന്നു. ഉണ്ണികുളം സ്വദേശിനിക്കാണ് ഗുരുതരമായി പരിക്കേറ്റത്. തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒമ്പത് മാസം മുമ്പാണ് പരാതിക്കാരിയും പ്രതി ബഹാവുദ്ദീനും വിവാഹിതരായത്. അന്ന് മുതൽ ആരംഭിച്ചതാണ് ശാരീരിക മാനസിക മർദ്ദനങ്ങളെന്ന് പെൺകുട്ടി പറയും. സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പൊലീസിൽ പരാതി മുൻപ് നൽകാനൊരുങ്ങിയിരുന്നെങ്കിലും ഒത്തുതീർപ്പിലെത്തുകയായിരുന്നു.
