തളിക്കുളത്ത് കാറടിച്ച് പരിക്കേറ്റ സ്പാനിഷ് ദമ്പതികൾ ആശുപത്രിയിൽ

തൃശ്ശൂർ: തളിക്കുളത്ത് കാറിടിച്ച് പരിക്കേറ്റ സ്പാനിഷ് ദമ്പതികൾ ആശുപത്രിയിൽ. ക്രിസ്മസ് ആഘോഷിക്കാൻ ഗോവയിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. ക്രിസ്തുമസ് പുതുവത്സരാഘോഷക്കാലത്ത് ഇന്ത്യ ചുറ്റിക്കാണാനിറങ്ങിയ സ്പാനിഷ് ദമ്പതികളായ ലൂയിസും മരിയയുമാണ് തളിക്കുളത്ത് അപകടത്തില്‍പെട്ട് ആശുപത്രിയിലായത്. 

സ്പെയിനില്‍ നിന്ന് ദുബായിലേക്ക് സൈക്കിളിലെത്തിയ ഇരുവരും വിമാന മാര്‍ഗ്ഗം ദില്ലിയിലിറങ്ങി. പിന്നീട് മധുരയില്‍ നിന്നാണ് കേരളത്തിലേക്ക് ബൈക്കില്‍ വന്നത്. മൂന്നാറും ആലപ്പുഴയും കണ്ട് കൊച്ചിവഴി കോഴിക്കോടേക്കുള്ള യാത്രയ്ക്കിടെയാണ് തളിക്കുളത്ത് എതിരെ വന്ന കാര്‍ ഇടിച്ചത്. മരിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. 

ലൂയിസ് നിസ്സാര പരുക്കുകളുടെ രക്ഷപ്പെട്ടു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. ക്രിസ്തുമസും പുതുവത്സരവും ആശുപത്രിയില്‍ ചിലവാക്കേണ്ടിവന്നതിന്‍റെ സങ്കടമാണ് ഇരുവര്‍ക്കും. ഒപ്പം ഇന്ത്യന്‍ നിരത്തുകളിലെ പരുക്കന്‍ ഡ്രൈവിങ്ങിനെപ്പറ്റി പരാതിയും. സ്പെയിനിൽ ടെന്നീസ് പരിശീലകൻ ആണ് ലൂയിസ്. ഭാര്യ മരിയ അധ്യാപികയും. ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാഭരണകൂടവും ആശുപത്രിയില്‍ സഹായവുമായി ഒപ്പമുണ്ട്. അസുഖം ഭേദമായ ശേഷം ഗോവയിലേക്ക് പോകാനാണ് തീരുമാനം.

Read more:  'ഇനിയെങ്ങനെ ബാങ്ക് വായ്പ തിരിച്ചടക്കും', വിതുമ്പലോടെ കര്‍ഷകര്‍; വയനാട്ടിലെ വയലുകള്‍ കൈയ്യടക്കി കാട്ടുമൃഗങ്ങള്‍

അതേസമയം, തൃശൂർ വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷന് മുന്നിലെ എട്ടടി താഴ്ചയുള്ള കാനയിലേക്ക് ഫുട്പാത്തിൽ തട്ടി വീട്ടമ്മ വീണു. നട്ടെല്ലിന് പരിക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീത ചികിത്സയിലാണ്. ഫുട്പാത്തിലെ സ്ലാബുകൾ നിരപ്പില്ലാതെ വച്ചതും കാന മൂടാത്തതുമാണ് അപകടത്തിന് കാരണം.

തൃശൂർ - ഷൊർണൂർ പിഡബ്ല്യുഡി റോഡിന്റെ കാനയിലാണ് അപകടം ഉണ്ടായത്. തിരക്കുള്ള ജംഗ്ഷനിൽ നിരപ്പല്ലാതെയാണ് ഫുട്പാത്തിന്റെ സ്ലാബിട്ടിരിക്കുന്നത്. ഫുട്പാത്ത് വന്ന് ചേരുന്ന എട്ടടി താഴ്ച്ചയുള്ള കാനക്ക്‌ കൈവരിയുമില്ല. ഹൃദ്രോഗിയായ ഭർത്താവിന് മരുന്ന് വാങ്ങാൻ പോയ മുണ്ടത്തിക്കോട് സ്വദേശിയായ ഗീതയാണ് അപകടത്തിൽ പെട്ടത്. നട്ടെല്ലിനും തലക്കും പരിക്കേറ്റ ഗീത കിടപ്പിലാണ്.