മൂന്ന് കിലോമീറ്ററോളം പൊലീസ് സംഘം ടാങ്കറിനെ പിന്തുടർന്നു. മറ്റൊരു പൊലീസ് ടീം കൂടിയെത്തിയാണ് വാഹനം റോഡിന് കുറുകെയിട്ട് ടാങ്കർ തടഞ്ഞത്. 

പത്തനംതിട്ട: കക്കൂസ് മാലിന്യം നിക്ഷേപിക്കാനെത്തിയ ലോറിയെ പൊലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടി. പത്തനംതിച്ച ഏനാത്ത് മണ്ണടി ദളവ ജംഗ്ഷനിലാണ് സംഭവം. സംശയം തോന്നി പൊലീസ് സംഘം ലോറിയെ പിന്തുടർന്നപ്പോൾ അമിത വേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടിയിട്ടുണ്ട്. രണ്ട് പേർ ഇറങ്ങിയോടി രക്ഷപ്പെടുകയും ചെയ്തു.

മണ്ണടി ദളവ ജംഗ്ഷനിൽ വെച്ച് പുലർച്ചെ 2.15 നാണ് ഏനാത്ത് പോലീസ് സ്റ്റേഷനിലെ നൈറ്റ്‌ പെട്രോളിംഗ് സംഘം ഒരു ടാങ്കർ കണ്ടത്. ടാങ്കറിന് മുന്നിൽ ഒരു കാറും കടന്നുപോയി. ഈ കാറിന് പിന്നാലെ അതിവേഗത്തിൽ ടാങ്കർ കടന്നുപോയപ്പോൾ പൊലീസ് സംഘത്തിന് സംശയം തോന്നി. ഇതോടെ പൊലീസുകാർ ടാങ്കറിനെ പിന്തുടർന്നു. പോലീസിനെ കണ്ടതോടെ അമിതവേഗതയിൽ പാഞ്ഞ ടാങ്കറിന് പിന്നാലെ പൊലീസ് സംഘവും പിന്തുടർന്നു. മൂന്നര കിലോമീറ്ററോളം പിന്തുടർന്ന് സഞ്ചരിച്ച ശേഷം ഏനാത്ത് മിസ്പാ ജംഗ്ഷനിൽ വെച്ച് സാഹസികമായി വാഹനം പോലീസ് പിടികൂടുകയായിരുന്നു.

വാഹനത്തെ പിന്തുടരുന്നതിനിടെ, പട്രോളിങ് സംഘം പത്തനംതിട്ട പൊലീസ് കണ്ട്രോൾ റൂമുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. റോഡ് അപകടങ്ങൾ കുറക്കാനുള്ള ബീറ്റ പട്രോളിംഗ് സംഘത്തിന്റെ സഹായവും തേടി. ബീറ്റ പട്രോളിംഗ് സംഘത്തിന്റെ വാഹനം മിസ്പ ജംഗ്ഷനിൽ ടാങ്കറിനു കുറുകെ ഇട്ടാണ് വാഹനം തടഞ്ഞത്. തുടർന്ന് ടാങ്കർ പൊലിസ് സ്റ്റേഷനിലെത്തിച്ചു.

വാഹനത്തിലുണ്ടായിരുന്ന അടൂർ, പന്നിവിഴ ശ്രീജിത്തിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറും മറ്റൊരാളും ഓടിരക്ഷപ്പെട്ടു. പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. എ.എസ്.ഐ സാജൻ ഫിലിപ്പ് , സി.പി.ഒ അനീഷ് എന്നിവരായിരുന്നു ഏനാത്ത് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ബീറ്റ പൊലീസ് സംഘത്തിൽ എസ്.ഐ ഷാ, സി.പി.ഒ രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. മണ്ണടി മുടിപ്പുര റോഡരികിലെ നീർച്ചാലിലും കൃഷിയിടത്തിലും കക്കൂസ് മാലിന്യം തള്ളിയതിനു രണ്ട് വാഹനങ്ങൾ കഴിഞ്ഞയിടെ ഏനാത്ത് പോലീസ് പിടികൂടിയിരുന്നു. 

ശുചിമുറി മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറിയും അകമ്പടിവന്ന ജീപ്പുമായിരുന്നു അന്ന് പിടിച്ചെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പോലീസ് അന്ന് വാഹനങ്ങൾ പിടികൂടിയത്. തുടർന്ന് ഏനാത്ത് പോലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം