Asianet News MalayalamAsianet News Malayalam

വസ്ത്രം കടിച്ചു കീറി, ഓടിച്ചിട്ട് കടിച്ചു; ആലപ്പുഴയില്‍ തെരുവ് നായയുടെ ആക്രമണം, നാല് പേർക്ക് പരിക്ക്

 

stray dog attacks four people in alappuzha vkv
Author
First Published Feb 9, 2023, 8:23 AM IST

ആലപ്പുഴ: ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിന് മുന്നിൽ തെരുവ് നായയുടെ ആക്രണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സ്റ്റേഡിയത്തിലെ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ, ഒരു ബൈക്ക് യാത്രക്കാരൻ, രണ്ട് സ്ത്രീകൾ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെയാണ് സംഭവത്തിന് തുടക്കം. ആശുപത്രിയുടെ മുന്നിൽ സുരക്ഷാ ജോലിയില്‍ ഏർപ്പെട്ടിരുന്നയാൾക്ക് നേരെ കുരച്ചുചാടിയ നായ ഇദ്ദേഹത്തെ കടിക്കുകയായിരുന്നു. 

പിന്നീടാണ് രണ്ട് സ്ത്രീകൾക്കുൾപ്പെടെ കടിയേറ്റത്. ബൈക്ക് യാത്രികന് നേരെ കുരച്ചുചാടിയ നായ ഇയാളുടെ വസ്ത്രം കടിച്ചുകീറുകയും കാലിൽ കടിക്കുകയുമായിരുന്നു. കടിച്ച നായയെ പിന്നീട് നഗരസഭ നിയോഗിച്ച പട്ടിപിടുത്തക്കാർ വലയുപയോഗിച്ച് പിടിച്ചു. ഇതിന് പേയുള്ളതായി നായപിടുത്തക്കാർ സംശയിക്കുന്നു. ഈ നായയിൽ നിന്നാണ് എല്ലാവർക്കും കടിയേറ്റത്. രാവിലെ മുതൽ സ്റ്റേഡിയത്തിലെത്തുന്ന കടക്കാർക്കും യാത്രക്കാർക്കും നേരെ നായ്ക്കൾ കുരച്ചുചാടുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

നായപിടുത്തക്കാർ എത്തുമ്പോഴും നായ യാത്രക്കാർക്ക് നേരെ കുരച്ചുചാടുകയായിരുന്നു. നായയുടെ കടിയേറ്റ യാത്രക്കാരൻ മുറിവ് കഴുകുന്നതിനായി ശുദ്ധജലം കിട്ടാതെ വിഷമിച്ചു. പിന്നീട് ഓടിക്കൂടിയവർ സ്റ്റേഡിയത്തിന് പുറത്തെ കടയിൽ നിന്ന് മിനറൽവാട്ടർ വാങ്ങിക്കൊണ്ടുവന്നാണ് മുറിവേറ്റ ഭാഗം വൃത്തിയാക്കിയത്. നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും ദിനംപ്രതി നൂറുകണക്കിനാളുകൾ എത്തിച്ചേരുകുയം ചെയ്യുന്ന ഇവിടെ ഒരു പൊതുടാപ്പ് പോലും ഇല്ലെന്ന് ആക്ഷേപം ശക്തമാണ്. 

അതേസമയം, കടിയേറ്റവരെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ റാബിസ് വാക്സിൻ ഇല്ലാത്തതും പ്രശ്നമായി. ഇവരെ പിന്നീട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ അവിടെയും വാക്സിൻ ഇല്ലെന്ന മറുപടിയാണ് നായയുടെ കടിയേറ്റവർക്ക് ലഭിച്ചത്. ഇ എം എസ് സ്റ്റേഡിയത്തിലും പരിസരത്തുമായി നിരവധി തെരുവ് നായ്ക്കൾ കൂട്ടമായി അലഞ്ഞുതിരിയുകയാണ്. 

Read More : ചാരിറ്റി സംഘടനയിൽനിന്ന് ധനസഹായം വാഗ്ദാനം നൽകി വയോധികയുടെ സ്വർണം അപഹരിച്ചു

Follow Us:
Download App:
  • android
  • ios