ആനക്കമ്പത്താൽ ഗജപരിപാലന രംഗത്തേക്ക് കടന്നുവന്ന കൃഷ്ണൻ കുട്ടി ആനപ്രേമികൾക്കിടയിൽ 'ആനക്കാരൻ തമ്പി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

മാങ്കാംകുഴി: ഇരുപത്തിയെട്ട് വർഷം തന്നെ ജീവനുതുല്യം സ്നേഹിച്ച് പരിപാലിച്ച പ്രിയ പാപ്പാന് അവസാനമായി അന്ത്യോപചാരം അർപ്പിക്കാൻ പാറു എത്തി. കഴിഞ്ഞ ദിവസം അന്തരിച്ച ആനപ്പാപ്പാൻ മാങ്കാംകുഴി രാജേഷ് ഭവനത്തിൽ കൃഷ്ണൻ കുട്ടിയുടെ (തമ്പി-74) സംസ്കാരച്ചടങ്ങിലാണ് പാറുവും പാപ്പാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ വികാരനിർഭരമായ ദൃശ്യങ്ങൾ അരങ്ങേറിയത്.ആന അന്ത്യോപചാരം അർപ്പിച്ച് വിടചൊല്ലിയ ഹൃദയസ്പർശിയായ രംഗം കണ്ടുനിന്നവർക്കും ആനപ്രേമികൾക്കും കണ്ണീരോർമയായി മാറി.വെണ്മണി പാറു എന്ന പിടിയാനയെ 28 വർഷത്തോളമാണ് കൃഷ്ണൻ കുട്ടി പരിപാലിച്ചത്. പിന്നീട് ആനയെ വെണ്മണിയിലെ ഉടമ ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിന് കൈമാറുകയും ഇപ്പോൾ അവിടെ പരിപാലിച്ചുവരികയുമാണ്. ആനക്കമ്പത്താൽ ഗജപരിപാലന രംഗത്തേക്ക് കടന്നുവന്ന കൃഷ്ണൻ കുട്ടി ആനപ്രേമികൾക്കിടയിൽ 'ആനക്കാരൻ തമ്പി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആനപരിപാലനം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏക ഉപജീവനമാർഗ്ഗവും. ആനയുമായി വെട്ടിയാർ, വെണ്മണി ഉൾപ്പെടുന്ന ഓണാട്ടുകരയിലെ ഗ്രാമവീഥികളിലൂടെ വർഷങ്ങളായി സഞ്ചരിച്ചിരുന്ന തമ്പി നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ആനപ്രേമികളും രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിരവധി പേരും അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം