തൃശൂർ നാട്ടികയിൽ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ വീരമണിയെ വീടിന്റെ ടെറസിൽ ഒളിച്ചെങ്കിലും പൊലീസെത്തി പിടികൂടുകയായിരുന്നു.
തൃശൂർ: നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് വിരുതാചലം നെയ് വേലി സ്വദേശി വീരമണി (50) ആണ് അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതിയാണ് വീരമണി. നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. തൃത്തല്ലൂർ സ്വദേശി അമ്പലത്ത് വീട്ടിൽ നിസാറിൻ്റെ നാട്ടിക ജെ.കെ. തീയേറ്ററിന് സമീപത്തുള്ള ഒഴിഞ്ഞു കിടന്നിരുന്ന തറവാട് വീടിന്റെ വാതിൽ കല്ല് കൊണ്ട് പൊളിച്ച് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരെ കണ്ടതോടെ മോഷ്ടാവ് വീടിന്റെ ടെറസിലേക്കു കയറി ഒളിച്ചു. നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയുമായിരുന്നു. വീരമണി ഗുരുവായൂർ, വലപ്പാട്, കൊടുങ്ങല്ലൂർ, മതിലകം, ചാവക്കാട് പൊലീസ് സ്റ്റേഷനുകളിലായി മൂന്ന് മോഷണ കേസുകൾ അടക്കം ആറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.അനിൽകുമാർ, സബ് ഇൻസ്പെക്ടർ സി.എൻ..എബിൻ, ജി എ എസ് ഐ സൈഫുദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുബി സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർ ജെസ്ലിൻ തോമസ് എന്നിരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


