തിരുവനന്തപുരത്ത് നിരവധി മോഷണം നടത്തിയ പ്രതികൾ തമിഴ്നാട് പൊലീസിൻ്റെ പിടിയിലായി. അണ്ടുകോട്, പേയാട് സ്വദേശികളാണ് പിടിയിലായത്. പാറശാല പളുകല്‍, കന്നുമാമൂട്, കാരക്കോണം, മേഖലകളില്‍ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലുമാണ് മോഷണം നടത്തിയിരുന്നത്.

തിരുവനന്തപുരം: കേരള - തമിഴ്‌നാട് അതിര്‍ത്തിയായ പാറശാല പളുകല്‍, കന്നുമാമൂട്, കാരക്കോണം, മേഖലകളില്‍ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും മോഷണം നടത്തിവന്ന പ്രതികള്‍ പിടിയിലായി. അണ്ടുകോട് ചെമ്പ്രവിള സ്വദേശിയായ രഘു (48), പേയാട് സ്വദേശിയായ ശിവപ്രസാദ് (45) എന്നിവരെയാണ് പളുകല്‍ പൊലീസ് പിടികൂടിയത്. മൂന്നു മാസത്തിനുള്ളില്‍ വ്യത്യസ്തമായ നിരവധി മോഷണം നടത്തിയ പ്രതികളാണ് പിടിയിലായത്.

തമിഴ്‌നാട് പൊലീസിന്റെ രാത്രി കാല പട്രോളിംഗിനിടെ റോഡ് വശത്ത് ഇടവഴിയില്‍ സംശയാസ്പദമായ രീതിയില്‍ നില്‍ക്കുന്നത് കണ്ട് പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മോഷണക്കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്.

തമിഴ്‌നാട് - കേരളാ അതിര്‍ത്തി പ്രദേശമായ പാറശാല സ്‌റ്റേഷന്‍ പരിധിയിലും പളുകല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുമായി 14ലധികം കേസുകളിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്. കേരള പൊലീസിനെയും തമിഴ്‌നാട് പൊലീസിനെയും ഒരുപോലെ വട്ടംചുറ്റിച്ച കേസുകളിലടക്കം ഇവർ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികൾ കേരള - തമിഴ്‌നാട് അതിര്‍ത്തിയായ പ്രദേശങ്ങളില്‍ മോഷണം നടത്തിവരികയായിരുന്നു. പളുകല്‍ എസ്ഐ വില്‍സന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു.