വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള ശ്രേണിയിലാണ് തട്ടേക്കാട് ഉൾപ്പെട്ടത്. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു പ്രധാന കേന്ദ്രം സൈലന്റ് വാലിയാണ്
കോതമംഗലം: കേരളത്തിലെ വന മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാരം ലഭിക്കുന്ന കേന്ദ്രമായി തട്ടേക്കാടിനെ കണ്ടെത്തിയതായി പഠനം. വനപ്രദേശങ്ങളോട് ചേർന്ന മേഖലകളിലെ വായു ഗുണനിലവാരം വിലയിരുത്താൻ നടത്തിയ പഠനത്തിലാണ് മാലിന്യമുക്തമായ ശുദ്ധ വായു ലഭിക്കുന്ന പ്രദേശമായി തട്ടേക്കാട് മുന്നിലെത്തിയത്. വനാന്തരങ്ങളിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മ കാലാവസ്ഥ ഇവിടെ നിലനിൽക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.വനം വകുപ്പിന്റെ നിർദേശപ്രകാരം നടത്തിയ പഠനത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകളാണ് അടിസ്ഥാനമാക്കിയത്. വായു ഗുണനിലവാര സൂചികയിൽ 0 മുതൽ 50 വരെയുള്ള ശ്രേണിയിലാണ് തട്ടേക്കാട് ഉൾപ്പെട്ടത്. ഇതേ വിഭാഗത്തിൽപ്പെടുന്ന മറ്റൊരു പ്രധാന കേന്ദ്രം സൈലന്റ് വാലിയാണ്. കേരളത്തിലെ വന പരിസ്ഥിതി മേഖലകളിലെ വായു ഗുണനിലവാരം വിലയിരുത്തുന്നതിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 30 സ്ഥലങ്ങളിലെ സാഹചര്യങ്ങൾ സമഗ്രമായി പഠിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
പഠനഫലങ്ങൾ തട്ടേക്കാടിന്റെ പരിസ്ഥിതി പ്രാധാന്യം വീണ്ടും അടിവരയിടുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കേവലം 25.16 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള തട്ടേക്കാട് പക്ഷിസങ്കേതമാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച വായു ഗുണനിലവാരമുള്ള കേന്ദ്രമായി കണ്ടെത്തപ്പെട്ടത്. വായു ഗുണനിലവാര സൂചികയിൽ 0-50 വരെയുള്ള നിരക്കാണ് ഏറ്റവും നല്ല ശുദ്ധ വായുവിനെ സൂചിപ്പിക്കുന്നത്. 51-100 മിതമായ നിലയും, 101-150 മോശം നിലയും, 151-200 ആരോഗ്യത്തിന് ഹാനികരമായ നിലയുമാണെന്ന് പഠനം വ്യക്തമാക്കുന്നു.
നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കൗൺസിലിന്റെ കേരള ചാപ്റ്റർ ഓഡിറ്ററും ആരക്കുന്നം ടോക് എച്ച് എൻജിനീയറിങ് കോളേജിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സ്റ്റെഫി ജെയിംസും, കൊച്ചിൻ ഷിപ്പ്യാർഡിലെ മുൻ ചീഫ് സേഫ്റ്റി ഓഫീസറും നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്ററിന്റെ ഓണററി സെക്രട്ടറിയുമായ എഎൽ ജാക്സണുമാണ് പഠനത്തിന് നേതൃത്വം നൽകി റിപ്പോർട്ട് സമർപ്പിച്ചത്. തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വായു ഗുണനിലവാരം സംബന്ധിച്ച പഠനത്തിനിടെ ഡോ. സ്റ്റെഫി ജെയിംസും എ എൽ ജാക്സണും അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി ടി ഔസേപ്പിനൊപ്പം സ്ഥല പരിശോധനയും നടത്തി.


