തമിഴ്‌നാട്ടുകാരായ മൂന്ന് പേർ ഉൾപ്പെടെ പത്തു മത്സ്യത്തൊഴിലാളികളുമായി കഴിഞ്ഞ ദിവസം പുറപ്പെട്ട കൊല്ലം ക്ലാപ്പന വടക്കേത്തോപ്പിൽ ഭദ്രൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തിരയിൽ പെട്ടത്.
ആലപ്പുഴ: കടൽക്ഷോഭത്തിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി അഴീക്കൽ ഹാർബറിൽ എത്തിച്ചു. അഴീക്കൽ ഹാർബറിൽ നിന്ന് തമിഴ്‌നാട്ടുകാരായ മൂന്ന് പേർ ഉൾപ്പെടെ പത്തു മത്സ്യത്തൊഴിലാളികളുമായി കഴിഞ്ഞ ദിവസം പുറപ്പെട്ട കൊല്ലം ക്ലാപ്പന വടക്കേത്തോപ്പിൽ ഭദ്രൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തിരയിൽ പെട്ടത്. തിങ്കളാഴ്ച്ച രാത്രി സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇവരെ രക്ഷപെടുത്തുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി കോസ്റ്റ് ഗാർഡിൻ്റെ സഹായം തേടി.
പുലർച്ചയോടെ കോസ്റ്റ് ഗാർഡ് സംഘം ബോട്ടിനു സമീപമെത്തി. ബോട്ട് ഇല്ലാതെ കരയിലേക്ക് മടങ്ങാൻ തൊഴിലാളികൾ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ ബോട്ട് കടലിൽ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കരയിലേക്ക് അടുപ്പിക്കുന്നതിന് മറൈൻ എൻഫോഴ്സ്മെന്റിൻ്റെ സഹായം തേടുകയായിരുന്നു. ഇന്ന് രാവിലെ പുറപ്പെട്ട മറൈൻ എൻഫോഴ്സ്മെന്റ് സംഘം ഉച്ചകഴിഞ്ഞ് മൂന്നിന് ബോട്ട് അഴീക്കൽ ഹാർബറിൽ എത്തിച്ചതായും തൊഴിലാളികൾ സുരക്ഷിതരാണെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
അടുത്ത 3 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലർട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷന്‍റെ മുന്നറിയിപ്പ് പ്രകാരം പമ്പ, നെയ്യാര്‍, മണിമല, മണിമല, കരമന എന്നി നദികളില്‍ ജലനിരപ്പ് അപകട നിരപ്പിന് മുകളിലെത്തി. അച്ചന്‍കോവില്‍, കാളിയാര്‍, തൊടുപുഴ, മീനച്ചില്‍ എന്നീ നദികളിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. നദികളുടെ കരകളിലുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
ശക്തമായ കടലാക്രമണത്തിന് സാധ്യത
കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ നാളെ (03 ഓഗസ്റ്റ്) രാത്രി പതിനൊന്നര വരെ 3 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് രാത്രി മുതൽ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ എന്നീ ദുരന്ത സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും തുടരണം. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികൾ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read More : മഴക്കെടുതിയില്‍ മരണം 12 ആയി; 10 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
