പള്ളിയിലെ കാണിക്കവഞ്ചി, ആശ്രമത്തിലെ ചന്ദനമരം, നൂറനാട്ട് മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം
നൂറനാട് പത്താംമൈൽ സെന്റ് റെനാത്തോസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ കാണിക്കവഞ്ചി, മറ്റപ്പള്ളി സ്വരൂപാനന്ദാശ്രമത്തിലെ ചന്ദനമരം, ചുനക്കര വടക്ക് വിളയിൽ ക്ഷേത്രത്തിലെയും മേപ്പളളിമുക്കിലെ ഗുരുമന്ദിരത്തിലെയും കാണിക്കവഞ്ചികൾ എന്നിവയാണ് മോഷണം പോയത്

ചാരുംമൂട്: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. ഡോഗ്സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. നൂറനാട് പത്താംമൈൽ സെന്റ് റെനാത്തോസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് പണം അപഹരിച്ചത് കഴിഞ്ഞ ദിവസമാണ്. കൂടാതെ നൂറനാട് മറ്റപ്പള്ളി സ്വരൂപാനന്ദാശ്രമത്തിലെ ചന്ദനമരം മുറിച്ചു കടത്തുകയും ചുനക്കര വടക്ക് വിളയിൽ ക്ഷേത്രത്തിലെയും മേപ്പളളിമുക്കിലെ ഗുരുമന്ദിരത്തിലെയും കാണിക്കവഞ്ചികൾ കുത്തി തുറന്നും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.
ഒരു ഇടവേളയ്ക്കുശേഷമാണ് മേഖലയിൽ വീണ്ടും മോഷണം വർദ്ധിച്ചിരിക്കുന്നത്. മോഷ്ടാക്കളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി നൂറനാട് സി. ഐ പി. ശ്രീജിത്ത് പ്രതികരിച്ചു. ശനിയാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും ആരാധനാ ലയങ്ങളിലെത്തി പരിശോധന നടത്തി. മോഷണം നടന്ന ആരാധനാലയങ്ങൾക്ക് സമീപമുള്ള സി സി ടി വികളും പൊലീസ് പരിശോധിച്ചു വരികയാണ്. റിസീവർ ഭരണത്തിലുള്ള സ്വരൂപാനന്ദാശ്രമത്തിലെ ചന്ദന മരം മുറിച്ചു കടത്തിയത് സംബന്ധിച്ച് മുൻ സെക്രട്ടറി പ്രഭവി മറ്റപ്പള്ളി ഡിജിപി, ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്.
ആലുവ അദ്വൈതാശ്രമത്തിൽ മോഷണം നടത്തിയ കേസിൽ പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോലഞ്ചേരി ചക്കുങ്ങൽ വീട്ടിൽ അജയകുമാർ (42) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണങ്ങളടക്കം പതിനഞ്ചോളം കേസിലെ പ്രതിയാണ്. കഴിഞ്ഞ 11 ന് ജയിൽ മോചിതനായ ഇയാൾ 15 ന് രാവിലെ 7 മണിയോടെയാണ് ആശ്രമത്തിലെത്തിയത്. തുടർന്ന് അവിടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം