മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. സ്ഥിരം മോഷ്ടാവായ അർഷാദും, മോഷണമുതൽ വാങ്ങിയ ആക്രി കടയുടമ ഷാനവാസുമാണ് പിടിയിലായത്. പ്രതികളിൽ നിന്ന് മോഷ്ടിച്ച വയറുകൾ പൊലീസ് കണ്ടെടുത്തു.
കൊച്ചി: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഇലക്ട്രിക് വയറുകൾ മോഷണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിലായി. പേഴക്കാപ്പിള്ളി എസ് വളവ് ഭാഗത്ത് പാലത്തിങ്കൽ പുത്തൻപുരയിൽ അർഷാദ് (47), മോഷണമുതലുകൾ വാങ്ങിയ ആക്രി കട ഉടമയും പുന്നോപടി കൂരിക്കാവ് ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ ഷാനവാസ് (42) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 31-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിടിയിലായ അർഷാദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഷാനവാസിന്റെ ആക്രി കടയിൽ നടത്തിയ പരിശോധനയിൽ മോഷണം പോയ ഇലക്ട്രിക് വയറുകൾ പൊലീസ് കണ്ടെടുത്തു.
എസ്.ഐമാരായ എം.എം. ഉബൈസ്, സി.ആർ. രഞ്ചുമോൾ, പോൾ മാത്യു, വി.സി. സജി, എ.എസ്.ഐ കെ.എസ്. ഷിനു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.


