തിരോധാനത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതായിട്ട് 11 ദിവസം. തിരോധാനത്തിൽ നിർണായകമാകുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 40കാരിയായ റീന, മക്കളായ എട്ടു വയസുകാരി അക്ഷര, ആറു വയസ്സുകാരി അൽക്ക എന്നിവർ ബസ്സിൽ യാത്ര ചെയ്യുന്നത് ഉൾപ്പെടെ ദൃശ്യങ്ങളിൽ കാണാം. ഇവര്‍ തിരുവല്ല നഗരത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. എസ്പി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് വഴിത്തിരിവാകുന്ന ദൃശ്യങ്ങളാണിത്. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇവരെ കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് ഭര്‍ത്താവ് റീനയുടെ ബന്ധുക്കളെ അറിയിക്കുന്നത്. അവരാണ് ഈ കാര്യം പൊലീസിനെ അറിയിക്കുന്നത്. സംഭവത്തിൽ ദുരൂഹത ബാക്കി നിൽക്കെയാണ് ഇപ്പോള്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 

ഈ മാസം 17 ആം തീയതി മുതലാണ് റീനയെയും അക്ഷര, അൽക്ക എന്നിവരെ കാണാതാവുന്നത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യയെയും മക്കളെയും കാണാതായ വിവരം രണ്ട് ദിവസത്തിന് ശേഷമാണ് അനീഷ് അറിയിച്ചതെന്ന് റീനയുടെ ബന്ധുക്കൾ പറയുന്നു. റീനയും ഭർത്താവും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബ കോടതി വരെ എത്തിയ തർക്കം പിന്നീട് ബന്ധുക്കൾ ഇടപെട്ടാണ് ആണ് പരിഹരിച്ചതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരനാണ് പുളിക്കീഴ് പൊലീസിൽ അറിയിച്ചത്. അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ എസ്പി നിയോഗിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.