എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്
തൃശൂര്‍: ബസ് യാത്രയ്ക്കിടെ യുവതിയുടെ നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തു. മാളപള്ളിപ്പുറം തേമാലിപറമ്പില്‍ അനീഷ് (41) ആണ് പിടിയിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം കുന്നംകുളം - വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസില്‍ യാത്ര ചെയ്ത വെളിയങ്കോട് സ്വദേശിയായ യുവതിയെ ഇയാള്‍ കയറിപിടിക്കുകയായിരുന്നു. യുവതി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ബസില്‍ നിന്നു ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
ഇയാള്‍ക്കെതിരെ മാള സ്റ്റേഷനില്‍ സ്ത്രീപീഡന കേസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എറണാകുളം പള്ളുരുത്തി സ്വദേശിയായ ഇയാള്‍ മാളയിലാണ് താമസം. എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്. എസ് ഐമാരായ സി എന്‍ ഗോപിനാഥന്‍, പി എ സുധീര്‍, പി എസ് സാബു, സി പി ഒമാരായ കെ സി ബിനീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ കോടതി റിമാൻഡ് ചെയ്തു എന്നതാണ്. താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശി കക്കാട് ലത്തീഫിനെയാണ് ജയിലിലടച്ചത്. താമരശ്ശേരി പുതുപ്പാടിയില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആക്രമണം നടന്നത്. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയ ലത്തീഫ് ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇയാളെ തള്ളിമാറ്റിയ സ്ത്രീ വീടിന് പുറത്തിറങ്ങി ഓടുകയായിരുന്നു. ഇവരെ പിന്തുടര്‍ന്ന പ്രതി വഴിയില്‍ വച്ചും ഉപദ്രവിക്കാന്‍ ശ്രമിച്ചതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട് താമരശ്ശേരി പൊലീസ് ലത്തീഫിനെ പിടികൂടുകയും താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുകയുമായിരുന്നു.


