കെ എസ് ആര്‍ ടി സി  ബസില്‍ യാത്രയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അധ്യാപകനായ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ യാത്രയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അധ്യാപകനായ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശേരി പൊട്ടന്‍കുളങ്ങര വീട്ടില്‍ ജയന്‍ (52), പാതിരാപ്പിള്ളി നാലുകണ്ടത്തില്‍ വീട്ടില്‍ സന്തോഷ് (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇന്നലെ പുലര്‍ച്ചെ 12.30നാണ് സംഭവം. കോട്ടക്കലില്‍നിന്നും കട്ടപ്പനയ്ക്ക് പോയിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്തിരുന്ന മലപ്പുറം മൂടല്‍ സ്വദേശി തെക്കേപൈങ്കല്‍ വീട്ടില്‍ ഹാരിസി (42) നെയാണ് പ്രതികള്‍ ആക്രമിച്ചത്. ഇടുക്കി വണ്ടന്‍മേട് എം ഇ എസ് സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ ഹാരിസ് ഓണാവധി കഴിഞ്ഞ് വീട്ടില്‍നിന്നും വണ്ടന്‍മേട്ടിലേക്ക് പോവുകയായിരുന്നു. 

പെരുമ്പിലാവില്‍ നിന്ന് ബസ് കയറിയ പ്രതികളില്‍ ഒരാള്‍ ഹാരിസിന്റെ ദേഹത്ത് ചാരിനിന്ന് ഉറങ്ങി ദേഹത്തേക്ക് വീണിരുന്നു. ഇദ്ദേഹത്തോട് നീങ്ങിനില്‍ക്കാന്‍ ഹാരിസ് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ പ്രതികള്‍ കൈയില്‍ സൂക്ഷിച്ചിരുന്ന കത്രികയെടുത്ത് കുത്തുകയും മര്‍ദിക്കുകയും ചെയ്തതായി ഹാരിസ് കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Read more: കൊച്ചിയിലെ സൂപ്പർമാർക്കറ്റിന് മുന്നിലെ കുഴി, നിറയെ അഴുക്കുജലം, പിതാവിനൊപ്പം എത്തിയ കുട്ടി ആശുപത്രിയിലായി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം