തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടയിൽ കല്ല് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പാലോട് മീൻമുട്ടി ആനകുളം ചന്ദ്ര വിലാസത്തിൽ സ്വദേശി ഗോപിനാഥൻ നായർ (79) ആണ് മരിച്ചത്. ആനകുളം സ്വദേശി ഇന്ദിരയുടെ പുരയിടത്തിന്റെ അടിഭാഗത്ത് രാവിലെ ഈറ വെട്ടുകയായിരുന്നു തൊഴിലുറപ്പ് തൊഴിലാളികൾ.
ഇതിന് മുകളിലായി കൃഷി ആവശ്യത്തിന് ഹിറ്റാച്ചി യന്ത്രം ഉപയോഗിച്ച് പ്ലാറ്റ് ഫോം നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ ആണ് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെ കാപ്പി കുടിച്ച ശേഷം വീണ്ടും ഈറ വെട്ടാൻ തൊഴിലാളികൾ പോകുന്നതിനിടയിൽ മുകളിൽ നിന്നും വലിയ പാറ കല്ല് ഗോപിനാഥൻ നായരുടെ ശരീരത്തിൽ പതിക്കുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് മറ്റ് തൊഴിൽ ഉറപ്പ് തൊഴിലാളികൾ ഓടിയെത്തി ഗോപിനാഥൻ നായരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പാലോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more: തൃശൂരിൽ മരണാനന്തര ചടങ്ങുകള്‍ക്ക് ഇടമില്ലാതെ കുഴങ്ങി ഒരു കുടുംബം, സൗകര്യമൊരുക്കി വായനശാല
അതേസമയം, കോഴിക്കോട് ക്രിസ്ത്യൻ കോളേജിന് സമീപം വാഹനാപകടത്തിൽ 2 പേർ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹ്ഫൂത് സുൽത്താൻ, നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗാന്ധി റോഡിൽ വച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടര്‍ ബസുമായി ഇടിക്കുകയായിരുന്നു.
കല്ലായി പള്ളിക്കണ്ടി മൊയ്തീൻ കോയയുടെ മകനാണ് മെഹറൂഫ് സുൽത്താൻ ഒപ്പം യാത്ര ചെയ്ത നടുവട്ടം മാഹിയിലെ അർബൻ നജ്മത്ത് മൻസിൽ മജ്‌റൂഹിന്റെ മകൾ നൂറുൽ ഹാദി എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ ബി എ വിദ്യാർത്ഥിനിയാണ് നൂറുൽ ഹാദി.
അപകടത്തിന് പിന്നാലെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മെഹറൂഫ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗാന്ധി റോഡ് പാലത്തിൽ നിന്നും സ്കൂട്ടർ ബീച്ച് ഭാഗത്തേയ്ക്ക് പോവുകയായിരുന്നു. എതിരെ ബേപ്പൂർ - പുതിയപ്പ സിറ്റി സ്വകാര്യ ബസിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം നടന്നത്. സ്കൂട്ടർ തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
