കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നാളെ ഗതാഗത നിയന്ത്രണം. കൊല്ലം റൂറൽ ജില്ലാ പരിധിയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകുന്നേരം അഞ്ചുമണിവരെ ആണ് ഗതാഗത നിയന്ത്രണം.
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കൊല്ലം റൂറൽ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകുന്നേരം അഞ്ചുമണിവരെ ആണ് ഗതാഗത നിയന്ത്രണം. ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്നും വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതിന് കർശന നിരോധനമുണ്ടെന്നും കൊല്ലം റൂറൽ പൊലീസ് അറിയിച്ചു. ഇത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു മാറ്റുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
കൊട്ടാരക്കരയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ അമ്പലത്തുംകാലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കരിപ്ര, മടന്തകോഡ്, നെടുമൺകാവ്, നല്ലില, പാലമുക്ക്, കണ്ണനല്ലൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകണം. കൊട്ടാരക്കരയിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങളും മോട്ടോർസൈക്കിളുകളും ആറുമുറിക്കടയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുഴിമതിക്കാട്, പികെപി കവല, യുപിഎസ് ജംഗ്ഷൻ, പെരുമ്പുഴ, കണ്ണനല്ലൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകണം.
കണ്ണനല്ലൂരിൽ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പുഴയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പികെപി ജംഗ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട വഴി കൊട്ടാരക്കരയിലേക്ക് പോകണം. കണ്ണനല്ലൂരിൽ നിന്ന് ഭരണിക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പുഴയിൽ നിന്ന് തിരിഞ്ഞ് പികെപി ജംഗ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട, ചീരങ്കാവ്, പവിത്രേശ്വരം,ഈസ്റ്റ് കല്ലട മൂന്നുമുക്ക് വഴി ഭരണിക്കാവിലേക്ക് പോകണം.
ഭരണിക്കാവിൽനിന്ന് കുണ്ടറ വഴി കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മൂന്നുമുക്കിൽ നിന്ന് തിരിഞ്ഞ് പവിത്രേശ്വരം, ചീരങ്കാവ് വഴി കൊട്ടാരക്കരയിലേക്ക് പോകണം. ഭരണിക്കാവിൽനിന്ന് മുളവന / പള്ളിമുക്ക് വഴി കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ രണ്ട്റോഡിൽ നിന്ന് തിരിഞ്ഞ് പേരയം, ഇളമ്പള്ളൂർ, അഞ്ചാലുംമൂട് വഴി കൊല്ലം ഭാഗത്തേക്ക് പോകണം. കൊല്ലത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ സാരഥി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മൊയ്തീൻമുക്ക്, പെരുമ്പുഴ, പികെപി ജംഗ്ഷൻ, കുഴിമതിക്കാട്, ആറുമുറിക്കട വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകണം.
അഞ്ചാലുംമൂട് ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ ഇളമ്പള്ളൂർ രണ്ട്റോഡ്, മൂന്നുമുക്ക്, പുത്തൂർ വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകണം. കൊറ്റങ്കര / മാമ്പുഴ ഭാഗത്തുനിന്ന് കേരളപുരം വഴി കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കേരളപുരം കെപിപി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മൃഗാശുപത്രി ജംഗ്ഷൻ, പെരുമ്പുഴ പികെപി കവല, കുഴിമതിക്കാട്, ആറുമുറിക്കട വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകണം.
കൊറ്റങ്കര / മാമ്പുഴ ഭാഗത്തുനിന്ന് കേരളപുരം വഴി കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കേരളപുരം കെപിപി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മൃഗാശുപത്രി ജംഗ്ഷൻ, മൊയ്തീൻമുക്ക്, കണ്ണനല്ലൂർ വഴി കൊല്ലം ഭാഗത്തേക്ക് പോകണമെന്നും കൊല്ലം റൂറൽ പൊലീസ് അറിയിച്ചു. പൊതുജനങ്ങൾ യാത്രയ്ക്കായി പുറപ്പെടുന്നതിന് മുമ്പ് ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.


