ഒട്ടേറെ കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതികളായ അരുവിക്കര സ്വദേശികളായ സഹോദരങ്ങളുമായി വത്സലക്ക് അടുത്ത ബന്ധം. ഇവർ എത്തിക്കുന്ന കഞ്ചാവ് വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് വിൽപന നടത്തുക
തിരുവനന്തപുരം: വീട്ടിൽ കഞ്ചാവ് വിൽപന നടത്തിവന്ന സ്ത്രീയെ കാട്ടാക്കട എക്സൈസ് പിടികൂടി. മാറനല്ലൂർ അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തൻ വീട്ടിൽ വത്സല (45) ആണ് പിടിയിലായത്. അരുവിക്കര ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ വി എൻ മഹേഷും സംഘവും നടത്തിയ പരിശോധനയിലാണ് വത്സലയെക്കുറിച്ച് വിവരം ലഭിച്ചത്. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.1 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഒട്ടേറെ കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതികളായ അരുവിക്കര സ്വദേശികളായ സഹോദരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് വത്സലയെന്നു എക്സൈസ് അറിയിച്ചു. ഇവർ എത്തിക്കുന്ന കഞ്ചാവ് വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് വിൽപന നടത്തുക വത്സലയെന്നു എക്സൈസ് പറഞ്ഞു. ഇവരുമായി അടുപ്പമുള്ള അരുവിക്കര സ്വദേശി സാബു 2 ആഴ്ച മുൻപ് കഞ്ചാവുമായി അമരവിള എക്സൈസിന്റെ പിടിയിലായി റിമാൻഡിലാണ്. പ്രിവന്റീവ് ഓഫിസർ ജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹർഷകുമാർ, ശ്രീജിത്, വിനോദ് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വീവ, ഡ്രൈവർ അനിൽ കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേസമയം തിരുവനന്തപുരം നെടുമങ്ങാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വാടക വീട്ടിൽ നിന്നും മയക്കുമരുന്നും, വടിവാളും, എയർ ഗണും പിടികൂടി എന്നതാണ്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ കമ്പി റാഷിദ് എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെ നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിൽ തേക്കട - ചിറക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് റാഷിദിനെ വീട് വളഞ്ഞാണ് സംഘം പിടികൂടിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്കൂൾ കോളെജ് വിദ്യാർത്ഥികൾക്ക് എംഡിഎംഎയും കഞ്ചാവും വില്പന ചെയ്യുന്ന വ്യക്തിയാണ് റാഷിദ് എന്ന് എക്സൈസ് പറയുന്നു.
