കോഴിക്കോട്സ്റ്റേഷനറി കടയുടെ മറവിൽ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് ഭാഗത്ത് ഡാൻസാഫ് ടീം നടത്തിയ നിരീക്ഷണത്തിലാണ് നിരോധിത ഉൽപ്പന്നങ്ങൾ രണ്ട് കടകളിൽ നിന്നായി പിടിച്ചെടുത്തത്.
കോഴിക്കോട്: സ്റ്റേഷനറി കടയുടെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. കോട്ടപ്പറമ്പ് സ്വദേശി പിലാത്തോട്ടത്തില്‍ മീത്തല്‍ കെ അനില്‍ കുമാര്‍(49), കൊളത്തറ ശാരദാമന്ദിരം സ്വദേശി കെ പി ഹൗസില്‍ കെ. പി സഫീര്‍ എന്നിവരെയാണ് മെഡിക്കല്‍ കോളേജ് എസ്‌ഐമാരായ സുലൈമാന്‍, അമല്‍ ജോയ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളജ് ഭാഗത്ത് ഡാന്‍സാഫ് ടീം നടത്തിയ നിരീക്ഷണത്തിലാണ് സ്റ്റേഷനറി കടയിലെ കച്ചവടത്തിന്റെ മറവില്‍ വില്‍പനക്കായി സൂക്ഷിച്ച ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 71 പായ്ക്കറ്റുകള്‍ രണ്ട് കടകളില്‍ നിന്നായി കണ്ടെടുത്തത്. ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ അബ്ദുറഹ്‌മാന്‍, എഎസ്‌ഐ അനീഷ്, തൗഫീഖ്, മുഹമ്മദ് മഷ്ഹൂര്‍, മെഡിക്കല്‍ കോളേജ് എസ്‌ഐ കിരണ്‍, ബിനോയ് സാമുവല്‍, സുരാഗ്, ജിതിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.


