ഏകദേശം ഒന്നര വയസോളം പ്രായമുള്ള ആനക്കുട്ടികളില്‍ ഒരെണ്ണത്തിന്റെ കൊമ്പിന് അല്പം നീളം കൂടുതലാണെന്നതൊഴിച്ചാല്‍ ശരീര പ്രകൃതിയും മറ്റും ഇരട്ടകള്‍ക്ക് തുല്യമാണ്

തൃശൂര്‍: ഇരട്ടകളെന്ന് തോന്നിക്കുന്ന ആനക്കുട്ടികള്‍ കൗതുകമുണര്‍ത്തുന്നു. കഴിഞ്ഞ ദിവസം ഏഴാറ്റുമുഖത്താണ് ഇരട്ടകളെ പോലെയുള്ള ആനക്കുട്ടികളെ കണ്ടത്. ചിത്രങ്ങളും വീഡിയോകളും പരിശോധിച്ചതില്‍ ഇവ ഇരട്ടകളാകാനുള്ള സാധ്യതകള്‍ ഏറെയാണ്. രണ്ട് വര്‍ഷം മുമ്പ് മലക്കപ്പാറ കാനനപ്പാതയിലെ വാഴച്ചാല്‍ വനം ഡിവിഷനില്‍ പെടുന്ന ആനക്കയം വനമേഖലയില്‍ ഇരട്ടകളെന്ന് തോന്നിക്കുന്ന രണ്ട് ആനക്കുട്ടികളെ കണ്ടെത്തിയിരുന്നു.

ഈ ആനക്കുട്ടികളെ തന്നെയാണ് ഇപ്പോള്‍ ഏഴാറ്റുമുഖത്തും കണ്ടതെന്നാണ് വിലയിരുത്തല്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരായ ജിലേഷ് ചന്ദ്രനും ഡിജോ ഡേവീസും നേരത്തെ ഈ ആനക്കുട്ടികളുടെ ചിത്രം കാമറയില്‍ പകര്‍ത്തിയിരുന്നു. ഏകദേശം ഒന്നര വയസോളം പ്രായമുള്ള ആനക്കുട്ടികളില്‍ ഒരെണ്ണത്തിന്റെ കൊമ്പിന് അല്പം നീളം കൂടുതലാണെന്നതൊഴിച്ചാല്‍ ശരീര പ്രകൃതിയും മറ്റും ഇരട്ടകള്‍ക്ക് തുല്യമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ആനക്കുട്ടികള്‍ ഇവരുടെ കാമറയില്‍ വീണ്ടും പതിഞ്ഞതും കൗതുമായിട്ടുണ്ട്.

തമിഴ്‌നാട് മുതുമലയിലുള്ള വന്യജീവി സങ്കേതത്തിലും ശ്രീലങ്കയിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന ഇരട്ടപെറ്റ സംഭവമുണ്ടായിട്ടുണ്ട്. ആനക്കുട്ടികളുടെ വീഡിയോയും ചിത്രങ്ങളും പരിശോധിച്ചതില്‍ ഇവ ഇരട്ടകളാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും തുടര്‍ച്ചയായി ഇവയെ നിരീക്ഷിച്ചാല്‍ ഇരട്ടകളാണോ എന്ന് ഉറപ്പിക്കാനാകുമെന്നുമാണ് വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍ പ്രതികരിക്കുന്നത്.

YouTube video player