കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിൽ കണ്ടെത്തിയത്

കാസർകോട്: ഉപ്പളയില്‍ രണ്ടുവയസുകാരന്‍ ഡ്രെയിനേജ് ടാങ്കില്‍ വീണ് മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്‍റെ മകന്‍ ഷെഹ്സാദ് ആണ് മരിച്ചത്. വീടിന് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിലാണ് ഷെഹ്സാദ് വീണത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പുറക് വശത്തെ ഡ്രെയിനേജ് ടാങ്കിൽ കണ്ടെത്തിയത്.

മലപ്പുറത്ത് ഗുഡ്സ് ഓട്ടോയിടിച്ച് വിദ്യർത്ഥിനിക്ക് ദാരുണാന്ത്യം, അപകടം സ്കൂൾബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ

അതേസമയം മലപ്പുറത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരി വാർത്ത ഇന്ന് ഉച്ചയ്ക്ക് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടന്നക്കുന്നതിനിടെ ഒമ്പത് വയസുകാരി മറ്റൊരു വാഹനമിടിച്ച് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് സർക്കാ‍ർ ഉത്തരവിട്ടു എന്നതാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാര പരിധിയിൽ വരുന്ന താനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ നന്നമ്പ്ര എസ് എൻ യു പി സ്കൂളിലെ ഷിഫാന ഷെറിൻ വി എന്ന വിദ്യാർത്ഥിനിയുടെ അപകടമരണത്തിൽ അടിയന്തിര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. കുട്ടി മരിച്ച സംഭവം അതീവ ദുഖകരമാണെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും പറഞ്ഞിരുന്നു. 

ഉച്ചയ്ക്ക് മലപ്പുറത്ത് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ച് കടന്നക്കുന്നതിനിടെയാണ് ഒമ്പത് വയസുകാരി മറ്റൊരു വാഹനമിടിച്ച് മരിച്ചത്. തെയ്യാല എസ് എന്‍ യു പി സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷഫ്ന ഷെറിനാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങവെ സ്കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ കുട്ടി റോഡ് മുറിച്ച് കടക്കുമ്പോഴാണ് എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചത്. സ്കൂള്‍ ബസില്‍ ഡ്രൈവറല്ലാതെ സഹായികളാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്കൂള്‍ ബസുകളില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ ഡ്രൈവര്‍ക്ക് പുറമെ മറ്റാരാള്‍ കൂടി വേണമെന്നത് നിര്‍ബന്ധമാണ്. എന്നാൽ ഈ ബസിൽ അങ്ങനെ ആരുമുണ്ടായിരുന്നില്ല. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അഞ്ചാം ക്ലാസുകാരിയുടെ അപകട മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി