കുർബാന തർക്കവുമായി ബന്ധപ്പെട്ട് സഭാ അനുകൂലികളായ വിശ്വാസികൾ തുടരുന്ന പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് തിരിച്ചു വീടുകളിലേക്ക് പോകാനിറങ്ങിയ സ്ത്രീകൾക്ക് നേരെയായിരുന്നു അക്രമണം.
കൊച്ചി: സെന്റ് മേരീസ് ബസിലിക്കയിൽ സ്ത്രീകൾക്ക് നേരെ അജ്ഞാതൻ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. ബസിലിക്കയിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് ദേവാലയത്തിൽ നിന്നും പുറത്തിറങ്ങിയ സ്ത്രീകൾക്ക് നേരെയാണ് ഇന്നലെ രാത്രി 7.45ഓടെ സ്ഫോടക വസ്തുക്കൾ എറിഞ്ഞത്. 14ഓളം സ്ത്രീകൾക്ക് നേരെയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി സമീപത്തെ ഫ്ലാറ്റിലെ സി.സി. ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ നാല്പതിലേറെ ദിവസങ്ങളായി കുർബാന തർക്കവുമായി ബന്ധപ്പെട്ട് സഭാ അനുകൂലികളായ വിശ്വാസികൾ തുടരുന്ന പ്രാർത്ഥന കൂട്ടായ്മയിൽ പങ്കെടുത്ത് തിരിച്ചു വീടുകളിലേക്ക് പോകാനിറങ്ങിയ സ്ത്രീകൾക്ക് നേരെയായിരുന്നു അക്രമണം. പ്രതിയെ പിടികൂടാനായിട്ടില്ല. സമീപത്തെ ആൾ തിരക്കില്ലാത്ത റോഡിൽ നിന്നും ആക്രമണം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് സമീപവാസികൾ പറയുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് രാത്രി തന്നെ സ്ഫോടനം നടന്ന സ്ഥലവും സമീപത്തെ കെട്ടിടങ്ങളിലെ സി.സി ടി.വികളിലും മറ്റും പ്രാഥമിക പരിശോധനകൾ നടത്തി. ഇന്ന് രാവിലെയും പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകളും അന്വേഷണവും നടത്തി.
സമീപത്തെ രണ്ട് കടകളിൽ നിന്നും സി.സി.ടി.വി ദൃശ്യങ്ങൾ കൂടി ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ഒരു വിഭാഗം ആളുകൾ ഗേറ്റിന് സമീപം തമ്പടിച്ച് പ്രാർത്ഥന കൂട്ടായ്മയ്ക്ക് എത്തുന്നവർക്ക് നേരെ ആക്രമണ ശ്രമങ്ങൾ നടത്തുകയും മാരകായുധങ്ങളുമായി ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിരുന്നതായി വിശ്വാസികൾ പറയുന്നു. ദേവാലയത്തിലേക്കുള്ള വൈദ്യുതിയും വെള്ളവും ഇവർ വിച്ഛേദിച്ചതായും ആരോപണമുണ്ട്. പൊലീസെത്തിയാണ് ഇവ പുന:സ്ഥാപിച്ചത്.
ഇത്തരം സംഭവങ്ങൾ നടക്കുമ്പോഴെല്ലാം ബസിലിക്കയിലെ രണ്ട് സഹ വൈദീകരും പ്രശ്നക്കാർക്കൊപ്പം ഉണ്ടായിരുന്നതായും പ്രാർത്ഥന കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് പോലീസിന്റെ സാന്നിധ്യം സ്ഥിരമാക്കിയതോടെയാണ് പ്രശ്നങ്ങൾ കുറഞ്ഞത്. മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ അറിവോടെയാണ് സഭാ വിരുദ്ധരായ ഏതാനും പേർ വിശ്വാസികൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്റ് ഭാരവാഹികൾ പറഞ്ഞു.


